പുതുയുഗ പ്രണയ ലേഖനം

lovers_holding_hands

എൻറെ പ്രിയതമേ,

നിൻറെ സാമീപ്യം എനിക്ക് എത്ര പ്രിയപ്പെട്ടതാണ് എന്ന് നിനക്കറിയാമോ? നീ എൻറെ ജീവൻറെ ജീവനാണ്. എൻറെ ജീവിതത്തിൻറെ ഓരോ നിമിഷവും നിൻറെ കൂടെയായിരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. നിൻറെ കാര്യത്തിൽ ഞാൻ അൽപം സ്വാർത്ഥനാണോയെന്ന് എനിക്കു തന്നെ തോന്നിയിട്ടുണ്ട്. എന്നാൽ ഞാനതിൽ സന്തോഷിക്കുന്നു എന്നുമാത്രം എനിക്കറിയാം.

സീ ഡ്രൈവിലെ(1) പ്രോഗ്രാം ഫയൽസ്(2) എന്ന സമൂഹത്തിൽ ഹീ ടോക്ക്(3) എന്ന വില്ലയിൽ ഞാൻ ജന്മമെടുത്തപ്പോൾ, ആ സമൂഹത്തിൽ നിൻറെ വില്ല പോലും ഇല്ലായിരുന്നു. ദിവസവും രാവിലെ പ്രോഗ്രാം ഫയൽസ് എന്ന സമൂഹത്തിലേക്ക് കടന്നു, ഉറങ്ങിക്കിടക്കുന്ന എന്നെ തട്ടിയുണർത്തുന്ന മൂസയെ(4) ചീത്ത പറഞ്ഞു കൊണ്ട് ഒരു പി ഐ ഡി(5) യുമെടുത്തു, എന്നും ചെയ്യാറുള്ള ജോലികളിൽ മുഴുകുക മാത്രമായിരുന്നു നീയെത്തുന്നതു വരെയുള്ള എൻറെ പണി. എന്നാൽ എന്നും വൈകിട്ട് വളരെ വൈകി മാത്രം എന്നെ തട്ടിയുറക്കിയിരുന്ന മൂസ, ഒരിക്കൽ ഉച്ചയോടെ എന്നെ തട്ടിയുറക്കി. മൂസ വീണ്ടുമെന്നെ തട്ടിയുണർത്തിയപ്പോൾ പ്രോഗ്രാം ഫയൽസ് എന്ന സമൂഹത്തിൽ ഷീ ടോക്ക്(6) എന്ന പുതിയൊരു വില്ലയും അതിനു മുന്നിലായി പ്രിയേ മറ്റൊരു പി ഐ ഡി യുമായി നിന്നെയും ആദ്യമായി ഞാൻ കണ്ടു. അന്ന് ആദ്യമായി ഞാനറിയാതെ എൻറെ ഹൃദയം നിൻറെ ഹൃദയത്തോട് എന്തൊക്കെയോ മന്ത്രിച്ചു. നിൻറെ കണ്ണുകൾ എൻറെ കണ്ണുകളിൽ പ്രണയത്തിൻറെ കവിത രചിക്കുന്നത്‌ എനിക്ക് അനുഭവിക്കാനായി. ഞാനന്ന് നിർനിമേഷനായി നിന്നെത്തന്നെ നോക്കിനിന്നതും, നീ നാണംകൊണ്ട് മുഖം കുനിച്ച്, വലതുകാലിലെ തള്ളവിരലുകൊണ്ട് തറയിൽ കളം വരച്ചുകൊണ്ടു നിന്നതും ഇന്നും കണ്മുന്നിൽ നിന്നും മാഞ്ഞിട്ടില്ല.

ആദ്യമൊക്കെ മൂസ തന്നെയായിരുന്നു ദിവസവും രാവിലെ നിന്നെയും വിളിച്ചുണർത്തിയിരുന്നത്.  എനിക്ക് അതത്ര സുഖിക്കുന്നുണ്ടായിരുന്നില്ല. നീയും ഞാനും ഓരോ പി ഐ ഡി യുമായി അവരവരുടെ ജോലികൾ ചെയ്തിരുന്നു. പക്ഷെ, നിൻറെ മെസ്സേജ് ലൂപ്പാകുന്ന(7) ഹൃദയത്തുടിപ്പുകളിൽ എൻറെ പോസ്റ്റ്‌മെസ്സേജുകൾ(8) സ്വീകരിക്കപ്പെടുന്നത് കണ്ടു ഞാൻ ആനന്ദ നിർവൃതിയിൽ ആറാടിയിട്ടുണ്ട്. ഇടയ്ക്കൊക്കെ സെൻറ്മെസ്സേജ്(9) തന്നെ ചെയ്യുകയും അതിൻറെ പോസിറ്റീവ് റെസ്പോൻസ് കണ്ടു സന്തോഷിക്കുകയും ചെയ്തിരുന്നത് ഇപ്പോഴും ഓർക്കുന്നു. കൂടുതൽ അടുത്തിടപഴകാനായി ഇവൻറുകളും(10) ഉപയോഗപ്പെടുത്തിയിരുന്നു. നിൻറെ ഇവൻറ്സിനായി ഞാനും, എൻറെ ഇവൻറ്സിനായി നീയും വെയിറ്റ്ഫോർസിങ്കിൾഒബ്ജെക്റ്റ്സ്(11) ചെയ്തു പരസ്പരം മനസ്സിലാക്കി മുന്നോട്ടു പോയിക്കൊണ്ടിരുന്ന സുവർണ കാലഘട്ടം നിനക്കു മറക്കാൻ സാധിക്കുമോ?. അവസാനം മൂസയ്ക്ക് പകരം ഞാൻ തന്നെ നിന്നെ വിളിച്ചുണർത്താൻ കോക്രിയേറ്റ്ഇൻസ്റ്റൻസ്(12) ചെയ്ത് വിജയിച്ച ദിനം എന്നെന്നും മധുരിക്കുന്ന സ്മരണകളാണ്.

ഒട്ടും പ്രതീക്ഷിക്കാതെയിരുന്നപ്പോഴാണ് ആ ട്രാജഡി സംഭവിച്ചത്. ഒരു ദിവസം വൈകുന്നേരം നിന്നോടുള്ള ശ്രിങ്കാരമൊക്കെ കഴിഞ്ഞു ഉറങ്ങുന്നതിനു മുൻപ് ആരൊക്കെയോ എന്തോ ഒ എസ് പാച്ച്(13) ഇൻസ്റ്റാൾ ചെയ്യണമെന്നും, ഇനിമുതൽ യു എ സി(14) ലെവൽ കൂട്ടിവെയ്ക്കണമെന്നുമൊക്കെ പറയുന്നത് വളരെ അവ്യക്തമായി കേട്ടിരുന്നു. അടുത്ത ദിവസം മൂസയുടെ വിളികേട്ടു കണ്ണ് തുറന്ന ഞാൻ എന്നത്തേയും പോലെ പ്രിയേ നിന്നെ ഉണർത്താനായി കോക്രിയേറ്റ്ഇൻസ്റ്റൻസ് വിളിച്ചു. എന്നാൽ വളരെ നേരം കാത്തു നിന്നിട്ടും നിൻറെ ഭാഗത്ത് നിന്നും യാതൊരു മറുപടിയുമുണ്ടായില്ല. അന്നത്തെ എൻറെ മാനസികാവസ്ഥ വർണനാതീതമായിരുന്നുവെന്ന് പ്രത്യേകം പറയേണ്ടല്ലോ. അന്ന് ഞാൻ അയച്ച പോസ്റ്റ്‌ മെസ്സേജുകളുടെയും, സെൻറ് മെസ്സെജുകളുടെയും, ഇവൻറ്കളുടെയും എണ്ണം എനിക്കുതന്നെ അറിയില്ല. ഒന്നിനു പോലും റെസ്പോണ്‍സ് ഇല്ലാതെ ജീവിതംതന്നെ മടുത്തുപോയ നിമിഷങ്ങൾ തള്ളിനീക്കിയത് എങ്ങിനെയെന്നു എനിക്ക് പറഞ്ഞറിയിക്കാൻ അറിയില്ല.

ആരൊക്കെയോ പറയുന്നത് കേട്ടു ഇനിമുതൽ പോസ്റ്റ് മെസ്സേജുകളും, സെൻറ് മെസ്സെജുകളും, ഇവൻറ്സുകളും മുൻപത്തെ പോലെ നടക്കില്ല. പ്രൊസെസ് രണ്ടും രണ്ടു സെഷനിലാണ് ഓടുന്നത് എന്ന്. കശ്മലന്മാർ!!! പ്രണയിക്കുന്ന ഹൃദയങ്ങളെ വേർപിരിക്കാനായി എന്തിനു ഈ സെപറേഷൻ കണ്ടുപിടിച്ചു? എൻറെ പോസ്റ്റ്‌മെസ്സേജുകളും, സെൻറ്മെസ്സേജുകളും, ഇവൻറ്സുകളുമില്ലാതെ നിൻറെ മെസ്സേജ് ലൂപ്പാകുന്ന ഹൃദയം എങ്ങിനെ തുടിക്കുമെന്നതിനെ കുറിച്ചും, നിന്നിൽ നിന്നുള്ള ഇവൻറ്സുകൾ കിട്ടാതെ എൻറെ വെയിറ്റ്ഫോർസിങ്കിൾഒബ്ജെക്റ്റ്സ് ടൈംഔട്ട്‌ ആയി ഫെയിലായി പോകുന്ന രംഗത്തെ കുറിച്ചും ചിന്തിച്ചു ഞാൻ പരവശനായി. എൻറെ പിന്നീടുള്ള ദിവസങ്ങളും, ആഴ്ചകളും, മാസങ്ങളും ഗദ്ഗദങ്ങളിലൂടെ കടന്നുപോയ്ക്കൊണ്ടിരുന്നു. നിനക്ക് എന്താണ് സംഭവിച്ചതെന്നു അറിയാൻ പോലും പ്രോഗ്രാം ഫയൽസ് എന്ന സമൂഹത്തിലെ സാമൂഹ്യവ്യവസ്ഥിതി എന്നെ അനുവദിച്ചിരുന്നില്ല. സെഷൻ മാറി ഓടിത്തുടങ്ങിയ നീയും ഇതേ അവസ്ഥയിൽ നീറുകയായിരിക്കുമല്ലൊയെന്നു എൻറെ മനസ്സ് സഹതപിച്ചിരുന്നു.

ആകുലതകളെല്ലാം മാറ്റിവെച്ചു ചിന്തിച്ചപ്പോൾ ചില കാര്യങ്ങൾ മനസ്സിലായി. ഈ സാമൂഹ്യ വ്യവസ്ഥിതിയിൽ ഇനി നമുക്കൊരുമിച്ചു ജീവിക്കണമെങ്കിൽ ഞാനും, നീയും ചില മാറ്റങ്ങൾക്കു വിധേയരാവണം. ഇതുവരെ പ്രത്യേകിച്ചു ഒന്നും നോക്കാതെ കുറച്ചു ഈവന്റ്സുണ്ടാക്കി നിനക്ക് അയച്ചു തന്നിരുന്ന എനിക്ക് ഇനി മുതൽ ആ ഈവന്റ്സെല്ലാം ഗ്ലോബൽഈവന്റ്സ്(15) ആക്കണം,  അങ്ങിനെ പലമാറ്റങ്ങളും വേണം. അതുപോലെ ഇതുവരെ വിളിക്കുന്നവൻറെ അക്കൗണ്ടിൽ പി ഐ ഡി ഉണ്ടാക്കി എഴുന്നേറ്റു വന്നിരുന്ന നീ, നിൻറെ ഐഡൻറിറ്റി മാറ്റി ഇൻററാക്റ്റിവ് ആക്കണം,  അങ്ങിനെ പലമാറ്റങ്ങൾക്ക് നീയും വിധേയയാകണം. ജീവിതത്തിൽ അട്ജസ്റ്റ്മെൻറുകൾ പഠിക്കാൻ പറ്റിയ അവസരം ഈ വാലൻറയിൻസ് ദിനം രണ്ടുപേർക്കും നൽകട്ടെയെന്നു ആശംസിക്കുന്നു. നിന്നോട് പറഞ്ഞ മാറ്റങ്ങൾക്കു വിധേയയാവാൻ നീ തയ്യാറാണെങ്കിൽ, ഞാൻ ചെയ്യേണ്ട മാറ്റങ്ങൾക്കു തീർപ്പുണ്ടാക്കാൻ ശ്രമിക്കുന്നതായിരിക്കും. അല്ലെങ്കിൽ നീ നിൻറെ സെഷനിൽ നിന്നും ഒരുത്തനെ കണ്ടുപിടിക്കുന്നതായിരിക്കും നല്ലത്. സ്വാഭാവികമായും ഞാൻ എൻറെ സെഷനിൽ നിന്നും  ഒരുത്തിയെ കണ്ടുപിടിക്കാൻ നിർബന്ധിതനാകും.

പ്രണയപൂർവ്വം നിൻറെ മാത്രം

Reference Table:

Index Description
1 “C:\” drive
2 “Program Files” folder
3 Folder name (of male character software)
4 Mouse
5 PID (Process Identifier)
6 Folder name (of female character software)
7 Windows Message loop
8 PostMessage() API
9 SendMessage() API
10 Events using CreateEvent(), OpenEvent(), SetEvent() APIS
11 WaitForSingleObject() API
12 CoCreateInstance() API used to access COM Interfaces
13 Windows update patch installations
14 User Access Control (security feature of Windows OS)
15 Global events (event names prefixed with “Global\”
Advertisements
This entry was posted in മായാലോകം and tagged . Bookmark the permalink.

8 Responses to പുതുയുഗ പ്രണയ ലേഖനം

 1. laila says:

  വളരെ രസകരമായിരിക്കുന്നു

 2. (പുതുയുഗ പ്രണയ ലേഘനം) ശീര്‍ഷകത്തില്‍ തന്നെ അക്ഷരത്തെറ്റ് കാണുമ്പോള്‍ വായന മുന്നോട്ട് കൊണ്ട് പോകണോ എന്നൊരു ചോദ്യമുണരുന്നു….

  • Jackson P V says:

   തെറ്റു ചൂണ്ടി കാണിച്ചതിൽ നന്ദിയുണ്ട് സോദരി,
   തിരുത്തിയിട്ടുണ്ട് ‘ലേഘനം’ അല്ല ‘ലേഖനം’ തന്നെയാണ് ശരി, വായിക്കുമല്ലോ.

   • Sean Cleetus says:

    നന്നായിട്ടുണ്ടു. c++ ഉം Win32 Api ഉം ഒക്കെ അറിയാത്തൊരാൾ ഇങ്ങനൊരു കഥ എങ്ങനെയെഴുതിയേനേ എന്നൊരു ചിന്ത മാത്രം ബാക്കി 🙂

   • Jackson P V says:

    C++ ഉം Win32 API ഉം അറിയാൻ പാടില്ലാത്തവർക്കു കൂടി ഇത് ആസ്വാദ്യമായാൽ ഞാൻ കൃതാർത്ഥനായി 🙂

 3. Nasreena Parveen says:

  Jacke…kidu..pinney oru kaaryam chodichottey? pavithramaaya e pranayam thakarkkan kaaranakkaaranaaya renjithettanod deshyam undo?

  • Jackson P V says:

   കഥയും കഥാപാത്രങ്ങളും തികച്ചും സാങ്കൽപ്പികം മാത്രം. ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയ ആരെങ്കിലുമായി എന്തെങ്കിലും സാമ്യമുണ്ടെങ്കിൽ അത് തികച്ചും യാദൃശ്ചികം മാത്രം. 🙂

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s