ബീപ്…ബീപ്…ബീപ്…

beepbeep
തിങ്കളാഴ്ച അതിരാവിലെ സ്വന്തം നാടായ ആലപ്പുഴയിൽ നിന്നും തിരുവനന്തപുരത്തു ജോലിസ്ഥലത്തേക്ക് പുറപ്പെടുന്നതിനു തൊട്ടു മുൻപ് എന്നത്തേയും പോലെ അടുത്ത അവധി എന്നാണെന്ന് അറിയാൻ കലെണ്ടറിൽ ഒന്ന് നോക്കി. അപ്പോഴാണ്‌ അന്ന് ഫെബ്രുവരി 1-ആം തീയതിയാണ് എന്ന് മനസ്സിലായത്‌. ഹോ… ഫെബ്രുവരിയിൽ പ്രത്യേകിച്ച് അവധിയൊന്നും കാണാതെ വന്നപ്പോൾ അറിയാതെതന്നെ ഒരു ദീർഘ നിശ്വാസമുതിർത്തു. പതിവു പോലെ  ഒരു ഓട്ടോ പിടിച്ചു ബസ്‌ സ്റ്റാൻടിലെത്തി. തിരുവനന്തപുരത്തേക്കുള്ളത് ഒഴിച്ച് ഒരുപാട് ബസ്സുകൾ കണ്മുന്നിലൂടെ വന്നും പോയുമിരുന്നു. മണിക്കൂറുകൾ നീണ്ട കാത്തു നിൽപ്പിൻറെ ഒടുവിൽ ഒരു തിരുവനന്തപുരം സൂപ്പർഫാസ്റ്റ് വന്നു. ഹോ… ആ വണ്ടിക്കു കൈയ്യും, കാലും ഉണ്ടായിരുന്നുവെങ്കിൽ അതിലെ ഡ്രൈവറെയും, കണ്ടക്ടറെയും ചവിട്ടിക്കൂട്ടി അത് പുറത്തേക്ക് എറിഞ്ഞേനേ. കൂടാതെ അതിൽ നിൽക്കുന്ന പ്രജകളെയും ഏതെങ്കിലും തരത്തിൽ അത് പുറത്താക്കിയേനെ. അത്രക്കുണ്ടായിരുന്നു ആ വണ്ടിക്കുള്ളിലെ തിരക്ക്. ബസ്സിനുള്ളിലെ തിരക്ക് കണ്ടപ്പോൾ മനസ്സിൽ ഒരു മരവിപ്പ് പോലെ തോന്നി. തിരുവനന്തപുരം വരെ നിന്നു യാത്ര ചെയ്തു, കാലു വേദനയുമായി എസ് പി ഫോർട്ട്‌ ആശുപത്രിയിൽ ഡോക്ടറെ കാണാൻ ടോകനെടുത്തു ക്യു നിൽക്കുന്ന രംഗമാണ് മനസ്സിൽ തെളിഞ്ഞു വന്നത്. അയ്യോ!!! അൽപം താമസിച്ചാലും ആ വണ്ടിയിൽ പോകണ്ടയെന്നു തീരുമാനിച്ചു. അത്രയും തിരക്കുണ്ടായിരുന്ന വണ്ടിയിൽ എങ്ങനെയൊക്കെയോ കുറേപ്പേർ തിക്കിത്തിരക്കി കയറിപ്പറ്റുന്നത് ഞാൻ നിർവികാരനായി നോക്കി നിന്നു. ആലപ്പുഴ സ്റ്റാൻടിലേക്ക് എത്തിയപ്പോൾ ഉണ്ടായിരുന്നതിലും പരിതാപകരമായ രോദന ശബ്ദം പുറപ്പെടുവിച്ചു, തൻറെ പ്രതികരണം അറിയിച്ചുകൊണ്ട്‌ എൻറെ മുന്നിലൂടെ ആ വണ്ടി കടന്നു പോയി. വീണ്ടും അന്തമില്ലാത്ത കാത്തുനിൽപ്പ്. കാത്തു നിന്ന് ക്ഷമയുടെ നെല്ലിപ്പലകയും കടന്നു മുഷിവു തോന്നിത്തുടങ്ങിയപ്പോഴാണ് ഒരാവശ്യവുമില്ലാതെ അതി ബുദ്ധി കാണിച്ചു എസ് പി ഫോർട്ട്‌ ആശുപത്രിയൊക്കെ മനസ്സിൽ കാണാൻ പോയതിലെ ബുദ്ധിമോശം മനസ്സിലായി തുടങ്ങിയത്.

അങ്ങിനെ നിൽക്കുമ്പോൾ അതാ വരുന്നു ഒരു സൂപ്പർ എക്സ്പ്രസ്. വരണ്ട തൊണ്ടയിലൂടെ കുളിരുള്ള ജലം ഒഴുകിയിറങ്ങുമ്പോഴുണ്ടാകുന്ന സംതൃപ്തി പോലെയായിരുന്നു അപ്പോഴുണ്ടായ മാനസിക സന്തോഷം. പക്ഷെ ആ സന്തോഷം അധികം നീണ്ടുനിന്നില്ല. സൂപ്പർ എക്സ്പ്രസ് അടുത്തെത്തിയപ്പോഴാണ്‌ അതിനുള്ളിലേക്ക്‌ ശ്രദ്ധിച്ചത്. ദൈവമേ!!! അതിലെ അവസ്ഥ അതിനു മുൻപ് പോയ സൂപ്പർ ഫാസ്റ്റിലേതിലും പരിതാപകരമായിരുന്നു. മണ്ണ് നുള്ളിയിടാൻ ഇടമില്ലാത്ത രീതിയിൽ മനുഷ്യർ അതിൽ തിങ്ങിനിറഞ്ഞു നിൽക്കുന്നു. ഒരു നിമിഷം അൽപം പകച്ചു പോയി. പക്ഷെ പെട്ടെന്ന് സുബോധം വീണ്ടെടുത്തു ചിന്തിച്ചു. ഇനിയും താമസിച്ചാൽ ഒരു കാരണവുമില്ലാതെ അര ദിവസം അവധിയെടുക്കേണ്ടി വരും. ഇപ്പോൾ തന്നെ അവധികളെല്ലാം തീർന്നു. എങ്ങനെയെങ്കിലും ആ ബസ്സിൽ കയറിപ്പറ്റുക തന്നെ. പോകുന്ന വഴിക്ക് ഏതെങ്കിലും സ്റ്റാൻടിൽ ആളിറങ്ങുമ്പോൾ സീറ്റ് കിട്ടും, അപ്പോൾ ഇരിക്കാമെന്നു ആശ്വസിച്ചു. എങ്ങനൊക്കെയൊ ഞാനും എൻറെ ബാഗും ബസ്സിനുള്ളിലെത്തി. സാധാരണ ബസ്സിൽ കയറി സീറ്റ് കിട്ടിയാലുടൻ നന്നായി ഉറങ്ങുകയാണ് പതിവ്. ഉടനെയൊന്നും നിൻറെ ആ മോഹം നടക്കില്ല മോനേയെന്നു അന്തർഗതങ്ങളിൽ നിന്നും ഒരശരീരി കേട്ടുവോ… എന്തായാലും സീറ്റ് കിട്ടുംവരെ ഉറക്കം നടക്കില്ല, തൂങ്ങിപ്പിടിച്ച് നിൽക്കുക തന്നെ.

അമ്പലപ്പുഴ, ഹരിപ്പാട്, കായംകുളം,… ബസ്‌സ്റ്റാൻടുകൾ ഒന്നൊന്നായി കടന്നു ബസ് മുന്നോട്ടു പോയ്കൊണ്ടിരുന്നു. മനസ്സിൽ ഈർഷ്യ തോന്നിത്തുടങ്ങി. ഒരാളും ഇറങ്ങാത്ത ബസ്സോ? എന്തായിങ്ങനെയെന്ന് ഒന്നിരുത്തി ചിന്തിച്ചു നോക്കി. ഹോ ദൈവമേ… ഞാൻ സൂപ്പർ എക്സ്പ്രസ്സിൽ ആണല്ലോ കയറിയത്. ഇതിൽ ഇരിപ്പിടം കണ്ടെത്തിയ മഹാന്മാരും മഹതികളും മിക്കവാറും തിരുവനന്തപുരം പോകേണ്ടവരായിരിക്കും. മനസ്സിൽ ഒരു കൊള്ളിയാൻ മിന്നിയത് പോലെയായിരുന്നു ആ തിരിച്ചറിവ്. കമ്പിയിൽ തൂങ്ങി കിടന്നു കയ്യും, കാലും മരവിച്ചു തുടങ്ങി. ദയനീയതയോടെ ചുറ്റിലും നോക്കി. ഇനി ആർക്കെങ്കിലും കനിവ് തോന്നിയാലോ… ചുറ്റിലും നോക്കിയപ്പോഴാണ് എൻറെ കണ്ണുകളിലെ ദയനീയ ഭാവം അത്രയ്ക്ക് പോരായെന്നു തോന്നിപ്പോയത്. എനിക്ക് സീറ്റ് ഉണ്ടായിരുന്നുവെങ്കിൽ ഞാൻ കണ്ട കണ്ണുകളുടെ ഉടമകൾക്ക് ദാനം ചെയ്തു പോയേനേ. വണ്ടി വീണ്ടും പുറപ്പെട്ടു കരുനാഗപ്പള്ളിയിലും അവിടെനിന്നും കൊല്ലത്തും എത്തി. അപ്പോളതാ തൻറെ തൊട്ടുമുന്നിലെ സീറ്റിൽ നിന്നും ഒരു മൻഷ്യൻ എഴുന്നേറ്റു പോകുന്നു. ഹോ… സ്വർഗം കിട്ടിയത് പോലെ തോന്നി. വളരെ പെട്ടെന്ന് ആ സീറ്റിൽ ഇടംപിടിച്ചതു മാത്രം ഓർമയുണ്ട്. കണ്ണ് തുറക്കമ്പോൾ ആറ്റിങ്ങലിൽ തിരക്കിനെ മറികടന്നു ബസ്‌സ്റ്റാൻടിലേക്ക് എത്താനായി ഡ്രൈവർ കിണഞ്ഞു ശ്രമിക്കുന്നതാണ് കാണുന്നത്. ഏകദേശം 30 മിനിറ്റ് കൊണ്ടാണ് ആ പാവത്തിന് ബസ്‌സ്റ്റാൻടിലേക്ക് വണ്ടി എത്തിക്കാനായത്. അവിടെനിന്നും പുറപ്പെട്ടു മങ്ങലപുരവും, പള്ളിപ്പുറവും, തോന്നയ്ക്കലും, കണിയാപുരവും കടന്നു കഴക്കൂട്ടത്തെ തിരക്കിലെത്തി. കഴക്കൂട്ടത്തെ തിരക്ക് കടന്നു കിട്ടാൻ വീണ്ടും 30 മിനിറ്റ്. കഴക്കൂട്ടത്ത് ഇറങ്ങി ഒരു ഓട്ടോ പിടിച്ചു, അങ്ങിനെ അവസാനം പണിപ്പെട്ടു ഓഫീസിൽ കയറിപ്പറ്റി.

ഓഫീസിൽ ചെന്നയുടൻ സഹ ക്യാബിനികളായ പപ്പുവും, പരമുവും വക പരിഹാസം. പപ്പുവിൻറെ വക ചോദ്യം  “പോരുന്ന വഴിക്ക് മരമൊന്നും വീണു വഴി തടസ്സപ്പെട്ടില്ലേടാ”… അതിനു കൂട്ടുപിടിച്ചു പരമു തുടങ്ങി “ദേ അവൻ വന്നിരിക്കുന്നു ഇന്ന് കാക്ക മലർന്നു പറക്കും”. ഇതിനിടയിൽ എം പി സി 01234 -ൻറെ ഭാഗമായി എന്തോ ഫുൾചെക്ക് നിനക്കാണ് എന്നൊക്കെ പറയുന്നത് കേൾക്കാമായിരുന്നു (ഒരു ബഗ് ഉണ്ടായ സാഹചര്യം എല്ലാ സോഫ്റ്റ്‌വെയറിലും നോക്കുന്ന പണിയാണ് ഫുൾചെക്ക്). കാശാക്കി മാറ്റാവുന്ന ചെക്ക് അല്ലാത്തതിനാൽ വലിയ താൽപര്യം തോന്നിയില്ല. വൈകിട്ട് ആയപ്പോൾ എന്തൊക്കെയോ ചെക്ക്ചെയ്തു പാതിവഴിയിൽ നിർത്തി വെച്ചു ഞാൻ എങ്ങനെയോ പുറത്തു കടന്നു. ഓഫീസ് സമയം ഒരുവിധത്തിൽ തള്ളിനീക്കി എന്ന് പറയുന്നതാവും ശരി. ക്ഷീണം കൊണ്ട് തല നേരെ നിർത്താൻ കൂടെ പറ്റുന്നുണ്ടായിരുന്നില്ല. ഫോണ്‍ എടുത്തു കൂടെ ജോലിചെയ്യുന്ന പരമുവിനെ വിളിച്ചു, ഡാ ഒരു രക്ഷയുമില്ല, ഭയങ്കര ക്ഷീണം, വല്ലാത്തയൊരു തലവേദന. വെട്ടൊന്ന് മുറി രണ്ട് എന്ന് പറയുന്നത് പോലെയായിരുന്നു അവൻറെ മറുപടി. ഡാ, പോയി ഒരെണ്ണം കാച്ചിയാലോ? അതു കേട്ടപ്പോൾ സത്യത്തിൽ മനസ്സിൽ അഞ്ചാറു ലഡ്ഡു പൊട്ടി. എന്നാ വേഗം വാടാ, പോയേക്കാം. ഏതാനും മിനിട്ടുകൾക്കുള്ളിൽ പരമു അതാ വണ്ടിയുമായി വീടിനു മുന്നിലെത്തി. പിന്നെ എവിടെ നിന്നു വാങ്ങണം എന്നതായി ചർച്ച. പരമു പറഞ്ഞു ബീവേറേജിൽ നിന്നും വാങ്ങിയാൽ ലാഭത്തിൽ കിട്ടും, പക്ഷെ തണുത്തു കിട്ടുന്നത് വരെ ക്ഷമിക്കണം. ബാറിൽ നിന്നു വാങ്ങിയാൽ തണുത്തത് കിട്ടും പക്ഷെ കാശ് കൂടുതലാകും. എന്ത് വേണം? എനിക്ക് ക്ഷമകെട്ടു. ഡാ, ഇന്ന് എൻറെ ക്ഷമ ആവശ്യത്തിൽ അധികം പരീക്ഷിക്കപ്പെട്ടു. എവിടെ നിന്ന് വേണമെങ്കിലും വാങ്ങാം. എന്തായാലും ബീവേറേജിലേയ്ക്ക് തന്നെ പോകാം, അവിടെ തിരക്ക് അധികമാണെങ്കിൽ ബാറിൽ പോയി വാങ്ങാം.

രണ്ടുപേരും കൂടി തിടുക്കത്തിൽ വണ്ടിയെടുത്തു നേരെ ബീവേറേജിലേക്ക് വിട്ടു. പോകുന്ന വഴിക്ക് ബി-6 ബാറിൻറെ മുൻപിൽ വലിയ ആൾക്കൂട്ടമില്ലയെന്നു കണ്ടപ്പോൾ സന്തോഷമായി. ഇനിയിപ്പോ ബീവേറേജിൽ ആളു കൂടുതലാണെങ്കിൽ ബി-6 ൽ പോയി വാങ്ങാമല്ലോ. രണ്ടു പേരും കൂടെ വളരെ സന്തോഷത്തോടെ കഴക്കൂട്ടം ബീവേറേജിൻറെയടുത്തു എത്തിപ്പെട്ടു. രണ്ടു പേർക്കും എന്തോ പന്തികേട്‌ പോലെ തോന്നിത്തുടങ്ങി. ബീവേറേജ് പൂട്ടിയിട്ടിരിക്കുന്നു. ജനപ്രിയ നായകൻറെയും നായികയുടെയും സിനിമ നടക്കുമ്പോൾ ടിക്കറ്റെടുക്കാൻ തിക്കിത്തിരക്കി പ്രേക്ഷക ലക്ഷങ്ങൾ നിൽക്കുന്നത് പോലെ കാണപ്പെടുന്ന കഴക്കൂട്ടം ബീവേറേജിൻറെ മുന്നിൽ നാലോ അഞ്ചോ തെരുവു നായ്ക്കൾ മാത്രം. ഞങ്ങളെ കണ്ടതും അവറ്റകൾ കിടന്നിരുന്നിടത്തു നിന്നും എഴന്നേറ്റു മാറി ഞങ്ങളെത്തന്നെ നോക്കി നിന്നു. അവറ്റകളുടെ കണ്ണുകളിൽ അവജ്ഞയുടെയും, പുച്ഛത്തിൻറെയും രസഭാവങ്ങൾ മിന്നി നിൽക്കുന്നത് പോലെയും, ഞങ്ങളെ നോക്കി എന്തോ അടക്കം പറഞ്ഞു ചിരിക്കുന്നതു പോലെയും ഞങ്ങൾക്കു അനുഭവപ്പെട്ടു. അപ്പോൾ അതുവഴി വന്ന ഒരു മധ്യവയസ്കനോട് ഞങ്ങൾ ബീവേറേജ് പൂട്ടിയിട്ടിരിക്കുന്നതിൻറെ  കാര്യം തിരക്കി. ഹോ!!! ആ മധ്യവയസ്കൻറെ മുഖത്തു തെളിഞ്ഞ പുച്ഛഭാവത്തെ അതിജീവിക്കാൻ വളരെ പണിപ്പെടേണ്ടി വന്നു. അദ്ദേഹം തുടർന്നു, ഇന്ന് തീയതി എത്രയാട മക്കളേ… ഒന്നാം തീയതി ഇതൊന്നും കിട്ടില്ലെന്ന് അറിയില്ലല്ലേ… കമ്പ്യുട്ടറുമായി ഇരിക്കാൻ മാത്രമേ അറിയൂ അല്ലേ… ഇത്രയും പറഞ്ഞിട്ടു ഒരു വിജയശ്രീലാളിതനെപ്പോലെ അദ്ദേഹം നടന്നകന്നു. ആരോ എന്തോ തുടർച്ചയായി ചെവിയിൽ മന്ത്രിക്കുന്നത് പോലെ രണ്ടുപേർക്കും അനുഭവപ്പെട്ടു. പരമു പറഞ്ഞു ഇതെന്തെടാ, റാംജിറാവൂ സ്പീക്കിംഗ് സിനിമയോ!!! രണ്ടുപേരും ശ്രദ്ധിച്ചു കേട്ടുനോക്കി “seed കളഞ്ഞു പോയ squirrel”… “seed കളഞ്ഞു പോയ squirrel”… “seed കളഞ്ഞു പോയ squirrel”… എന്നാണു ആ ശബ്ദം ചെവിയിൽ മന്ത്രിച്ചുകൊണ്ടിരുന്നത്‌.

ഞാൻ പരമുവിൻറെ മുഖത്തേക്കും പരമു എൻറെ മുഖത്തേക്കും മാറി മാറി നോക്കി. ഞങ്ങളുടെ മനസ്സുകൾ എന്തെക്കൊയൊ മന്ത്രജപങ്ങളിൽ ലയിച്ചിരിക്കുന്നതായി അനുഭവപ്പെട്ടു. ഇതെന്ത്… തങ്ങളുടെ മനസ്സുകൾ തങ്ങളറിയാതെ എന്താണ് ചെയ്തുകൊണ്ടിരിക്കുന്നത്. ഇതിനെയാണോ ഭക്തി പാരമ്യമെന്നും, നിർവാണാവസ്ഥ  എന്നുമൊക്കെ പറയുന്നത്. മനസ്സ് എന്ത്‌ മന്ത്രമാണ് ചൊല്ലുന്നതെന്നു ചെറുതായൊന്നു ശ്രദ്ധിച്ചു. ഈയിടെ റിലീസായ പുതിയ ജെനറേഷൻ പടങ്ങളിൽ ഇടയ്ക്കിടെ കേൾക്കുന്ന ശബ്ദം മാത്രം കേൾക്കാം. ബീപ്… ബീപ്… ബീപ്… ഇടയ്ക്ക് ചില വാക്കുകൾ കിട്ടിയത് കൂട്ടിച്ചേർത്തു നോക്കി. “ഈ ഒന്നാം തീയതി കണ്ടു പിടിച്ചവൻറെ…” ബീപ്… ബീപ്… ബീപ്…  (വീണ്ടും അതേ ശബ്ദം).
||
||
||
||
||
||
||
||
||
||
\/
പ്രത്യേക അറിയിപ്പ്:- ഈ കഥയിലെ കഥാപാത്രങ്ങൾക്ക് ജീവിച്ചിരിക്കുന്നവരോ, മരിച്ചവരോ ആയ ആരുമായും യാതൊരു ബന്ധവുമില്ല. അങ്ങനെ എന്തെങ്കിലും തോന്നിയാൽ അത് തികച്ചും യാദൃശ്ചികം മാത്രമാണ്.

നിയമപരമായ മുന്നറിയിപ്പ്:- മദ്യപാനം ആരോഗ്യത്തിനു ഹാനികരം. 😉

Advertisements
This entry was posted in ഫലിത ബിന്ദുക്കൾ and tagged . Bookmark the permalink.

3 Responses to ബീപ്…ബീപ്…ബീപ്…

 1. Renju says:

  (ഒരു ബഗ് ഉണ്ടായ സാഹചര്യം എല്ലാ സോഫ്റ്റ്‌വെയറിലും നോക്കുന്ന പണിയാണ് ഫുൾചെക്ക്). കാശാക്കി മാറ്റാവുന്ന ചെക്ക് അല്ലാത്തതിനാൽ വലിയ താൽപര്യം തോന്നിയില്ല. 😛

 2. Nasreena Parveen says:

  alla jackey,,ee paramune parayanad nammudey aa…***** aano?

  • Jackson P V says:

   തൽക്കാലം ആ ***** നെ തന്നെ കരുതിക്കൊള്ളൂ, പക്ഷെ ഒരു പ്രത്യേക അറിയിപ്പെന്ന് കൊടുത്തിരിക്കുന്നത് വായിക്കൂ.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s