ബഗ്ഗ് റിപ്പോർട്ടിംഗ്

software-bugs
ജീവിതത്തിൽ ഒരുപാട് പ്രശ്നങ്ങളെ അഭിമുഖീകരിക്കുകയും, അവയെയെല്ലാം അതിജീവിക്കുകയും ചെയ്ത ഒരു പരിശ്രമശാലിയായ മനുഷ്യനായിരുന്നു എഡ്വിൻ. ദൈവാനുഗ്രഹമെന്നോണം അവനു നല്ലയൊരു സോഫ്റ്റ്‌വെയർ കമ്പനിയിൽ ജോലികിട്ടി. അതോടെ അവൻറെ അതുവരെയുള്ള കഷ്ടപ്പാടുകൾക്കെല്ലാം അറുതിയായി, അവനു പേരും പ്രശസ്തിയുമായി. അവനെ സ്നേഹിച്ചിരുന്ന പെണ്‍കുട്ടിക്ക് അവനെ വിവാഹം കഴിക്കാൻ തിടുക്കമായി. അവൻറെ ഇന്നോവേറ്റിവ് ഐഡിയാകൾ സഹപ്രവർത്തകർക്കിടയിൽ അവനു വലിയ സ്ഥാനം നല്കി. മൂന്നാം വർഷത്തിൽ അവൻ സീനിയർ സോഫ്റ്റ്‌വെയർ എൻജിനീയർ എന്ന പദവിയിലെത്തി.

പ്രൊജെക്റ്റ് മാനേജർ അവനെ തൻറെ ക്യാബിനിൽ വിളിപ്പിച്ചു “ഇനി തരുന്ന പണി മാത്രം ചെയ്‌താൽ പോര, റെസ്പോണ്‍സിബിളിറ്റീസ് ഏറ്റെടുക്കണം. ഒരു പണി കിട്ടിയാൽ അത് മാത്രം തീർത്ത്‌ പോയാൽ പോര, അതിനോട് ബന്ധപ്പെടുന്ന എല്ലാ കാര്യങ്ങളും നോക്കണം. പ്രശ്നങ്ങൾ ഏതുവിധേനയും പരിഹരിക്കണം, കൂടെ മറ്റുള്ള സബോർഡിനേറ്റുകളെ സഹായിക്കണം. പ്രശ്നങ്ങൾ തീർന്നില്ലയെങ്കിൽ എക്സ്ട്രാ റ്റൈം ജോലി ചെയ്തു പരിഹാരം കണ്ടുപിടിക്കണം”.

പ്രൊജെക്റ്റ് മാനേജരുടെ വാക്കുകൾ അവനെ വല്ലാതെ സ്വാധീനിച്ചു. ഇൻസ്പിരേഷൻ എന്നൊക്കെ കേട്ടിട്ടില്ലേ അതാണെന്ന് തോന്നുന്നു, അവനു അത് ഉണ്ടായി. അവൻ ഉത്തരവാദിത്തങ്ങൾ ഏറ്റെടുത്തു ചെയ്യുവാൻ മനസ്സുകൊണ്ട് തയ്യാറായി. അവൻ ആത്മാർഥമായി പ്രയത്നിക്കുകയും അവൻറെ പ്രയത്നങ്ങളെല്ലാം ഫലം കാണുകയും ചെയ്തിരുന്നു. അങ്ങിനെയിരിക്കെ കസ്റ്റമറുടെ ഭാഗത്ത് നിന്നും ഒരു പുതിയ നിർദ്ദേശം വന്നു. തങ്ങൾക്കായി ചെയ്യുന്ന പ്രോഡക്റ്റ് ലോകം മുഴുവനും ഉപയോഗിക്കുന്ന ഒപ്പറേറ്റിംഗ് സോഫ്റ്റ്‌വെയറായ ജാലകത്തിൻറെ പുതിയ റിലീസിലുള്ള സെക്യുരിറ്റി ഫീച്ചർ ഉപയോഗിക്കണം എന്നതായിരുന്നു ആവശ്യം.

എഡ്വിൻ വളരെ അധ്വാനിച്ചു കസ്റ്റമറുടെ ആവശ്യത്തിൻറെ ഫീസിബിലിട്ടി സ്റ്റഡി ചെയ്തു തുടങ്ങി. അവൻ പതിനെട്ടടവും പയറ്റി നോക്കി, പക്ഷെ ഒന്നും നടന്നില്ല. അവൻറെ മനസ്സ് തോൽക്കുവാൻ സമ്മതിക്കുന്നില്ലായിരുന്നു. അവൻ തൻറെ ലക്‌ഷ്യം നേടാനായി കിണഞ്ഞു പരിശ്രമിച്ചു, പക്ഷെ ഒന്നും നടന്നില്ല. തുടക്കത്തിൽ തന്നെയുണ്ടായ ഈ തിരിച്ചടിയിൽ ആദ്യമൊന്നു തളർന്നുവെങ്കിലും അവൻ പെട്ടെന്നു തന്നെ തൻറെ നഷ്ടപ്പെട്ട മനോവീര്യം വീണ്ടെടുത്തു. ഓഹോ, നമ്മളോടാ കളി… ഞങ്ങളുടെ ഗൂഗിൾ ചേട്ടനുള്ളപ്പോൾ ഞങ്ങളെ ആർക്കു തോൽപ്പിക്കാനാവും? അവൻ വെബ് ബ്രൗസറെടുത്തു ഗൂഗിൾ ചേട്ടനിൽ പോയി നന്നായി തിരഞ്ഞു നോക്കി. ദൈവമേ!!!!…. ഇത് പറ്റില്ലെന്ന് പല പൂർവീകരും കണ്ടെത്തിയിരിക്കുന്നു. ഈ പ്രശ്നം പരിഹരിച്ചു തരുമോയെന്നു പലരും അലമുറയിട്ടു കരഞ്ഞതിൻറെ ശേഷിപ്പുകൾ ധാരാളം. അങ്ങിനെ വളരെ ദിവസങ്ങൾ നീണ്ട അദ്ധ്വാനങ്ങൾക്കു ശേഷം തങ്ങളുടെ സോഫ്റ്റ്‌വെയർ പുതിയ ജാലകത്തിൽ വർക്കു ചെയ്യില്ലയെന്നു വേദനയോടെ അവൻ മനസ്സിലാക്കി.

പ്രൊജെക്റ്റ് മാനേജർ അവനെ വീണ്ടും തൻറെ ക്യാബിനിൽ വിളിപ്പിച്ചു. കഴിഞ്ഞ തവണ തന്നെ വിളിപ്പിച്ചപ്പോൾ തനിക്കുണ്ടായിരുന്ന സന്തോഷം ഇപ്പോൾ തനിക്കില്ലല്ലോയെന്നു അവൻ നെടുവീർപ്പിട്ടു. എഡ്വിൻ എന്തായിത്? ഞാൻ താങ്കളോട് സംസാരിച്ചതെല്ലാം മറന്നോ? താങ്കൾ ഇങ്ങനെയാണോ ടാസ്ക് ചെയ്യുന്നത്. തന്നെ അപ്പ്രിഷിയെറ്റ് ചെയ്തത് വെറുതെയായി പോയല്ലോ. പ്രൊജെക്റ്റ് മാനേജർ തൻറെ ഈർഷ്യ മറച്ചുവെച്ചില്ല. മാസാമാസം ഓരോ ജാലക സോഫ്റ്റ്‌വെയർ ഇറക്കുന്ന ആ കമ്പനിയെ മനസ്സുകൊണ്ട് പ്രാകികൊണ്ട്‌, അണ്ടി കളഞ്ഞുപോയ അണ്ണാനെ കണക്കെ എഡ്വിൻ അവിടെ നിന്ന് തേങ്ങി. കസ്റ്റമറുടെ നിർദ്ദേശമനുസരിച്ചുള്ള ആവശ്യം  ഒപ്പറേറ്റിംഗ് സോഫ്റ്റ്‌വെയറായ ജാലകത്തിൻറെ പുതിയ റിലീസിൽ ചെയ്തെടുക്കാൻ പറ്റില്ലയെന്നും, അത് ജാലക  സോഫ്റ്റ്‌വെയറിൻറെ ന്യൂനതയാണെന്നും പ്രൊജെക്റ്റ് മാനേജറെ അവൻ ഒരുതരത്തിൽ പറഞ്ഞു മനസ്സിലാക്കി. അപ്പോളതാ പ്രൊജെക്റ്റ് മാനേജറുടെ നിർദ്ദേശം വരുന്നു ജാലക  സോഫ്റ്റ്‌വെയറിൻറെ കമ്പനിയ്ക്ക് ബഗ്ഗ് റിപ്പോർട്ട് അയക്കണം. അങ്ങിനെ അവൻ ബഗ്ഗ് റിപ്പോർട്ട് തയ്യാറാക്കിത്തുടങ്ങി.

ജാലക സോഫ്റ്റ്‌വെയർ കമ്പനിക്കാണ് ബഗ്ഗ് റിപ്പോർട്ട് അയക്കേണ്ടത്. തങ്ങളുടെ  സോഫ്റ്റ്‌വെയറിലുള്ള  ബഗ്ഗുകളെ ഫീച്ചർ ആയി വാഴ്ത്തുന്ന കൂട്ടത്തിലാണ് അവൻമാർ. അരിച്ചു പെറുക്കി നോക്കിയാലെ പറ്റുകയുള്ളു. അങ്ങിനെ രണ്ടു, മൂന്നു ദിവസത്തെ റിവ്യൂവും (ടി. എൽ റിവ്യൂ, എസ്. എൽ റിവ്യൂ, ആ റിവ്യൂ, ഈ റിവ്യൂ) അതിനെല്ലാം ശേഷമുള്ള റീ വർക്കുകളും കഴിഞ്ഞു കാച്ചിക്കുറുക്കിയ പാലുകണക്കെ ബഗ്ഗ് റിപ്പോർട്ട് തയ്യാറായി. എഡ്വിൻ ആ ബഗ്ഗ് റിപ്പോർട്ട് പ്രൊജെക്റ്റ് മാനേജർക്ക് അയച്ചു കൊടുത്തു. അദ്ദേഹം തൻറെ വക ഒരു റിവ്യൂ കൂടി നടത്തിയ ശേഷം ജാലക സോഫ്റ്റ്‌വെയർ കമ്പനിക്കു ആ ബഗ്ഗ് റിപ്പോർട്ട് അയച്ചു കൊടുത്തു. പിന്നീട് എഡ്വിനെ തൻറെ ക്യാബിനിൽ വിളിപ്പിച്ചു. ജാലക സോഫ്റ്റ്‌വെയർ കമ്പനിയിൽ നിന്നും നിരന്തര ഫോളോ അപ്പിലൂടെ ബഗ്ഗിൻറെ സൊലൂഷൻ എത്രയും പെട്ടെന്ന് നേടിയെടുക്കണമെന്ന് നിർദ്ദേശിച്ചു.

എഡ്വിൻ മൂന്നു നാലു തവണയായി ഫോളോ അപ്പ് മെയിലുകളിലൂടെ ജാലക സോഫ്റ്റ്‌വെയർ കമ്പനിയിൽ നിന്നും ബഗ്ഗിൻറെ സോലുഷൻ നേടിയെടുക്കാൻ ശ്രമിച്ചു, പക്ഷെ യാതൊരു റെസ്പൊണ്‍സും കിട്ടിയില്ല. ഒരു ദിവസം  പ്രൊജെക്റ്റ് മാനേജർ വളരെ തിരക്കിട്ട് തൻറെ ക്യാബിനിൽ നിന്നും ഇറങ്ങി നേരെ സി. ഇ. ഒ. യുടെ ക്യാബിനിലേക്ക് ഓടുന്നത് കണ്ടു. അൽപ്പനേരം കഴിഞ്ഞു അവിടെ നിന്നും വിയർത്തു കുളിച്ചു തിരിച്ചിറങ്ങി സ്വന്തം ക്യാബിനിലേക്ക് പോകുന്നതും കണ്ടു. പെട്ടെന്നുതന്നെ എഡ്വിൻറെ അടുത്തിരുന്ന ഫോണ്‍ ശബ്ദിച്ചു. എഡ്വിൻ ഫോണ്‍ എടുത്തു, പ്രൊജെക്റ്റ് മാനേജരാണു വിളിക്കുന്നത്‌.  എത്രയും പെട്ടെന്ന് തൻറെ ക്യാബിനിലേക്ക് വരണമെന്നതാണ് നിർദ്ദേശം. എഡ്വിൻ നേരെ പ്രൊജെക്റ്റ് മാനേജരുടെ  ക്യാബിനിലേക്ക് ചെന്നു. എടോ… താൻ എന്നെ കൊലയ്ക്കു കൊടുത്തെ അടങ്ങൂ… എന്തോന്നാടോ ചെയ്തത്… തൻറെയൊരു ഫീസിബിലിറ്റി സ്റ്റഡി… പ്രൊജെക്റ്റ് മാനേജർ തന്നെത്തന്നെ മറന്നു ആക്രോശിച്ചു. എടോ… ജാലക സോഫ്റ്റ്‌വെയർ കമ്പനിയിൽ നിന്നും ഒരു മെയിൽ വന്നിരിക്കുന്നു നിങ്ങൾ പൈറേറ്റഡ് സോഫ്റ്റ്‌വെയർ ആണോ ഉപയോഗിക്കുന്നതെന്നു അവർ ചോദിച്ചിരിക്കുന്നു. അവർ ലീഗൽ ആക്ഷന് പോയാൽ പണിയാകും. എഡ്വിനു ഒന്നും മനസ്സിലായില്ല അവൻ പകച്ചു നിന്നു. അവൻറെ നിൽപ്പു കണ്ടപ്പോൾ പ്രൊജെക്റ്റ് മാനേജർ തുടർന്നു. ആ മെയിൽ ഞാൻ തനിക്കു ഫോർവേഡ് ചെയ്യാം താൻ പോയി വായിച്ചിട്ട് വരൂ.

എഡ്വിൻ വേഗം തിരിച്ചു തൻറെ സീറ്റിൽ എത്തി. പ്രൊജെക്റ്റ് മാനേജർ ഫോർവേഡ് ചെയ്തു കൊടുത്ത മെയിൽ വായിച്ചു. ജാലക സോഫ്റ്റ്‌വെയർ കമ്പനിയുടെ വിശദീകരണം ഇങ്ങനെയായിരുന്നു. സോഫ്റ്റ്‌വെയറിൻറെ നിങ്ങൾ പ്രതിപാദിച്ചിരിക്കുന്ന ഫീച്ചർ വർക്ക് ചെയ്യണമെങ്കിൽ നിങ്ങളുടെ ജാലക സോഫ്റ്റ്‌വെയർ ജെന്യുവിൻ ആയിരിക്കണം. പൈറേറ്റഡ് സോഫ്റ്റ്‌വെയറിൽ ആ ഫീച്ചർ വർക്കു ചെയ്യില്ല, പൈറേറ്റഡ് സോഫ്റ്റ്‌വെയർ ഉപയോഗിക്കുന്നത് ഇല്ലീഗൽ ആണു. നിങ്ങൾ സോഫ്റ്റ്‌വെയർ പർച്ചേസ് ചെയ്തില്ലയെങ്കിൽ ഞങ്ങൾക്കു ലീഗൽ ആക്ഷന് പോകേണ്ടി വരും. വായിച്ചു കഴിഞ്ഞപ്പോൾ എഡ്വിനും ഞെട്ടി. നേരത്തെ പ്രൊജെക്റ്റ് മാനേജർ സി. ഇ. ഒ. യുടെ ക്യാബിനിലേക്ക് ഓടിയതിലും വേഗത്തിൽ എഡ്വിൻ പ്രൊജെക്റ്റ് മാനേജരുടെ ക്യാബിനിലേക്ക് ഓടി. സർ, ഇതിനു എന്താണ് പരിഹാരം? നമുക്ക് എന്ത് ചെയ്യാൻ പറ്റും? എഡ്വിൻറെ ആകാംഷ നിറഞ്ഞ മുഖം കണ്ടു പ്രൊജെക്റ്റ് മാനേജർ പറഞ്ഞു. കുറച്ചു മുന്നേ എൻറെ മുഖവും ഈ പരുവത്തിൽ ആയിപ്പോയിരുന്നു. കുറച്ചു നേരത്തെ സി. ഇ. ഒ. യുമായി സംസാരിച്ചിരുന്നു, അദ്ദേഹം സോഫ്റ്റ്‌വെയർ പർച്ചേസ് ചെയ്യാമെന്നാണ് പറയുന്നത്.  അദ്ദേഹം പർച്ചേസ് ഓർഡർ ഇഷ്യു ചെയ്തു കഴിഞ്ഞു, ഇന്നുതന്നെ ജെന്യുവിൻ സോഫ്റ്റ്‌വെയർ എത്തും. നാളെ തൻറെ ഫീസിബിലിറ്റി സ്റ്റഡി അതിൽ തുടർന്നോളൂ… പ്രൊജെക്റ്റ് മാനേജർ ഒരു ദീർഘനിശ്വാസം ഉതിർത്ത ശേഷം തൻറെ കസേരയിലേക്ക് ചാഞ്ഞിരുന്നു. എഡ്വിൻ ആശ്വാസത്തോടെ തൻറെ സീറ്റിലേക്ക് തിരികെ പോന്നു.

അടുത്ത ദിവസം പുതുതായി പർച്ചേസ് ചെയ്ത ജെന്യുവിൻ ജാലക സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്തു എഡ്വിൻ അതിൽ തൻറെ ഫീസിബിലിറ്റി സ്റ്റഡി തുടങ്ങി. ജാലക സോഫ്റ്റ്‌വെയർ കമ്പനി പറഞ്ഞതു പോലെ തന്നെ ജെന്യുവിൻ ജാലക സോഫ്റ്റ്‌വെയറിൽ എഡ്വിൻറെ കമ്പനിയുടെ ക്ലയൻറ് പറഞ്ഞ സെക്യുരിറ്റി ഫീച്ചറുകൾ വർക്കു ചെയ്യുന്നതായി അവൻ കണ്ടെത്തി. പ്രൊജെക്റ്റ് മാനേജർ വീണ്ടും എഡ്വിനെ തൻറെ ക്യാബിനിൽ വിളിച്ചു അഭിനന്ദിച്ചു. എല്ലാം കഴിഞ്ഞു തിരിച്ചു തൻറെ സീറ്റിലെത്തിയ അവൻ ഒരു ദീർഘനിശ്വാസം ഉതിർത്തു, ഹോ!!!… ഒരു ബഗ്ഗ് റിപ്പോർട്ട് തൻറെ കഞ്ഞികുടി മുട്ടിച്ചേനെ.

Message from narrator:- This story or the characters in it are just fictional, if there is any resemblance to anybody living or dead is just co-incidental.

Advertisements
This entry was posted in ഫലിത ബിന്ദുക്കൾ and tagged . Bookmark the permalink.

2 Responses to ബഗ്ഗ് റിപ്പോർട്ടിംഗ്

 1. Sujith Ravi says:

  che… kalanju… last kondu kalanju….. aayyee….. nee oru software comanyil thane aapppyy work cheyuneee…. athinteethu onnum kannannillallloo……
  anyway nice try, kurachu jeevithanughavangl kuddy kadhayil mix cheyyuu… 😉 it will be better…. 😉

  • Jackson P V says:

   ഐഡിയാസ് ആർ പർറ്റിക്കുലർലി അറ്റ്രാക്റ്റീവ് 💡
   ബട്ട് കഥയിൽ ചോദ്യമില്ല…. 😎

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s