സീപ്ലെയിൻ ആലപ്പുഴയ്ക്ക് വേണമോ?

alappuzha-beach-pier
കിരീടം നഷ്ടപ്പെട്ട ചക്രവർത്തിനി
പതിറ്റാണ്ടുകൾക്കു മുൻപു, മനുഷ്യർ മുഖ്യമായി ജലഗതാഗതത്തെ ആശ്രയിച്ചിരുന്ന കാലഘട്ടത്തിൽ ഇറ്റലിയിലെ വെനീസ് നഗരമായിരുന്നു ലോകത്തെ ഏറ്റവും വലിയ കച്ചവടകേന്ദ്രം. ആതേ കാലഘട്ടത്തിൽ എവിടെ നോക്കിയാലും ജലമാർഗമുള്ള ആലപ്പുഴ പട്ടണവും ഒരു വൻ കച്ചവടകേന്ദ്രം ആയിരുന്നു. അന്ന് ആലപ്പുഴ അറിയപ്പെട്ടിരുന്നത് കിഴക്കിൻറെ വെനീസ് എന്നാണു. കാലം കോലം മാറ്റിയ ആലപ്പുഴ ഇന്ന് നഷ്ട പ്രതാപങ്ങളെ നോക്കി ഏങ്ങലടിച്ചു കരയുന്ന അവസ്ഥയിലാണ്. ആലപ്പുഴയുടെ മുഖത്തു നോക്കിയാൽ കിരീടവും, ചെങ്കോലും നഷ്ടപെട്ടു വനവാസം അനുഭവിക്കുന്നയൊരു ചക്രവർത്തിനിയുടെ ഭാവം ദർശിക്കാനാവും. വിദൂര ഭാവിയിൽപ്പൊലും തന്നിൽ നിന്നും നഷ്ടപ്പെട്ട കിരീടം തിരിച്ചുപിടിക്കാൻ സാധ്യതയില്ലാത്ത നിസ്സഹായയായ ഒരു ചക്രവർത്തിനിയുടെ നിസ്സംഗത നിറഞ്ഞയൊരു മുഖം. ഒരുകാലത്ത് പ്രതാപത്തിൻറെ കൊടുമുടിയിൽ നിന്നിരുന്നയൊരു ഭൂപ്രദേശമായിരുന്നു ആലപ്പുഴയെന്ന് ഒരു ദീർഘനിശ്വാസത്തോടെ ഓർക്കാം.

സീപ്ലെയിൻ എന്ത്, അതിൻറെ ഗുണം, ദോഷം
ജലാശയങ്ങളിൽ നിന്ന് പറന്നുയരാനും താഴ്ന്നിറങ്ങാനും സാധിക്കുന്ന പ്രത്യേകതരം വിമാനമാണ് സീപ്ലെയിൻ അഥവാ സമുദ്രവിമാനം അഥവാ ജലവിമാനം. സമുദ്രവിമാനത്തിൻറെ ബോഡിയുടെ അടിഭാഗത്തായി ജലത്തിൽ പോങ്ങിക്കിടക്കാനുള്ള സംവിധാനമുണ്ട്. വികിപീഡിയയിൽ നിന്നും കിട്ടിയ വിവരങ്ങൾ ലിങ്കിൽ നിന്നും വായിക്കാം സമുദ്ര വിമാനം, Seaplane-Wikipedia

ഗുണങ്ങൾ:- ഏകദേശം 1 കി.മീ. തൊട്ടു 1.5 കി.മീ. വരെ ജലവിതാനം ഉണ്ടെങ്കിൽ സമുദ്രവിമാനത്തിനു പറന്നുയരാനും, തിരിച്ചിറങ്ങാനും സാധിക്കും. അതുകൊണ്ട് ഉൾനാടൻ ജലാശയങ്ങളിൽ ഇവയെ ഭംഗിയായി ഉപയോഗിക്കാൻ പറ്റും. 6 സീറ്റർ വിമാനത്തിൽ പൈലെറ്റിനു പുറമേ 5 പേർക്കു യാത്ര ചെയ്യാം. നല്ല ഭംഗിയുള്ള ഭൂപ്രദേശങ്ങളുടെ മുകളിൽ നിന്നുമുള്ള ദൃശ്യമനോഹാരിത കിട്ടാൻ ഇവയെ ഉപയോഗിക്കാം. ചുരുക്കി പറഞ്ഞാൽ ടൂറിസത്തെ പരിപോഷിപ്പിക്കാനുള്ള നല്ലയൊരു മാർഗമാണ് സീപ്ലെയിൻ സർവീസ്.

ദോഷം:- ഉൾനാടൻ ജലാശയങ്ങളിൽ നിന്നും പറന്നുയരുകയോ, പറന്നിറങ്ങുകയോ ചെയ്യുന്നതിന് ഏകദേശം 1 കി.മീ. തൊട്ടു 1.5 കി.മീ. വരെ ജലപ്രതലം ആവശ്യമാണ്‌. ആ വഴിയിൽ മത്സ്യബന്ധനം നടത്തുന്നതിനും സാധാരണ വള്ളങ്ങൾ, ബോട്ടുകൾ എന്നിവയിൽ സഞ്ചരിക്കുന്നതിനും തടസ്സമുണ്ടാകാം.

എതിർപ്പുകൾ എന്തുകൊണ്ട്?
സീപ്ലെയിനിനു എതിരെ മുറവിളികൾ നടക്കുമ്പോൾ അതിനെ കണ്ടില്ലയെന്ന് നടിച്ചു മുന്നോട്ടുപോകാൻ പാടില്ല. ആരോപണങ്ങളിൽ ഉന്നയിച്ച പ്രശ്നങ്ങൾ മാത്രമല്ല വേറെ എന്തെകിലും പ്രശ്നങ്ങളുണ്ടോയെന്നുകൂടി പരിശോധിക്കേണ്ട ബാധ്യത അധികാരികൾക്കുണ്ട്.

മലിനീകരണ പ്രശ്നങ്ങൾ:- ആലപ്പുഴയുടെ ടൂറിസത്തിൽ സുപ്രധാന പങ്കു വഹിക്കുന്ന ഹൗസ് ബോട്ടുകൾ ഒരുപാട് മാലിന്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ട്, അതിനു ഇതുവരെ ഒരു ശാശ്വത പരിഹാരം കണ്ടിട്ടില്ലയെന്നതു ജനങ്ങളിൽ ഭീതി പരത്തിയിട്ടുണ്ട്. തിളച്ച വെള്ളത്തിൽ വീണ പൂച്ച ഏതു വെള്ളം കണ്ടാലും പേടിക്കും എന്നതാണ് സത്യം. സീപ്ലെയിൻമൂലം ജല മലിനീകരണമോ അതല്ലാതെ മറ്റേതെങ്കിലും മലിനീകരണ പ്രശ്നങ്ങളോ ഉണ്ടാകുമെങ്കിൽ ആദ്യം അതിനു പരിഹാരം കാണുകതന്നെ വേണം.

ആവാസ വ്യവസ്ഥയിലെ പ്രശ്നങ്ങൾ:- ഇപ്പോൾ പരീക്ഷണാടിസ്ഥാനത്തിൽ പ്രവർത്തിപ്പിക്കുന്ന സീപ്ലെയിൻ സർവീസ് ലാഭകരമെന്നു കണ്ടാൽ ഭാവിയിൽ കൂടുതൽ കൂടുതൽ സർവീസുകൾ നടത്തപ്പെടാം. അന്ന് സീപെയിൻ സർവീസുകൾ നടത്തുന്ന പ്രദേശങ്ങളിലെ സാധാരണ ജനങ്ങൾ തങ്ങളുടെ ജീവിതവ്യവസ്ഥിതിയെത്തന്നെ മാറ്റുവാൻ നിർബന്ദിതരായിത്തീരും. തങ്ങൾ യഥേഷ്ടം സഞ്ചരിച്ചിരുന്ന പുന്നമട കായൽ തങ്ങൾക്കു അന്യമാകുന്ന അവസ്ഥ അവർക്കുണ്ടായാൽ അത് പ്രശ്നങ്ങളുണ്ടാക്കും. ഈയൊരു പ്രശ്നം ഉണ്ടാവില്ലയെന്നു അധികാരികൾക്ക് ഉറപ്പുകൊടുക്കാൻ പറ്റിയാൽ ഒരു പരിധിവരെ ജനങ്ങളുടെ മനസ്സിൽ സീപ്ലെയിനിനു സ്ഥാനമുണ്ടാവും.

ഉപജീവന പ്രശ്നങ്ങൾ:- ഉൾനാടൻ ജലാശയങ്ങളിൽ മത്സ്യബന്ധനം നടത്തി (മീൻ പിടിച്ചും, കക്കാ വാരിയും) ഉപജീവനം നയിക്കുന്ന തൊഴിലാളികൾ സീപ്ലെയിൻ സർവീസ് നടത്തുന്ന പ്രദേശങ്ങളിൽ  മത്സ്യബന്ധനം നടത്തുന്നതിൽ നിന്നും വിലക്കപ്പെടും. അവരുടെ ഉപജീവന മാർഗം തടസ്സപ്പെടുമെന്ന ഭീതിയാണ് അവരിൽ ഈ സംരംഭത്തിനെതിരെ തിരിയാൻ പ്രേരണയുണ്ടാക്കിയത് എന്നാണ് എനിക്ക് തോന്നുന്നത്.

മറ്റുള്ള പ്രശ്നങ്ങൾ:- സീപ്ലെയിനുമായി നേരിട്ട് ബന്ധപ്പെടുത്താൻ പറ്റാത്ത ടൂറിസത്തിൻറെ പ്രശ്നങ്ങളെക്കുറിച്ചുള്ള ഭയം ഇതിനെതിരെ തിരിയാൻ ഒരു കാരണമാവാം.

എതിർപ്പുകളുടെ വിശകലനം
1. സീപ്ലെയിനിനെ സംബന്ധിച്ചു ഹൗസ് ബോട്ടിൻറെതു പോലെ വലിയ മലിനീകരണ പ്രശ്നങ്ങൾ ഉള്ളതായി തോന്നുന്നില്ല. എങ്കിലും അതും പഠന വിഷയമാക്കി പ്രശ്നങ്ങളില്ലായെന്ന് ജനങ്ങളെ ബോധിപ്പിക്കേണ്ട ചുമതല അധികാരികൾക്കുണ്ട്.

2. തദ്ദേശവാസികളുടെ സഞ്ചാര സ്വാതന്ത്ര്യവും മറ്റും ഹനിക്കപ്പെടാതെ സീപ്ലെയിൻ ഉയർത്തുമ്പോഴും, ഇറക്കുമ്പോഴും വെള്ളത്തിലൂടെ ഓടുന്നതിന് കായലിനു നടുവിലായി ഒരു ട്രാക്കുണ്ടെങ്കിൽ നന്നായിരിക്കില്ലേ. തദ്ദേശ വാസികൾക്ക് ആ ട്രാക്ക് മാത്രം വിലക്കപ്പെട്ടതായാൽ പോരെ? സുരക്ഷാ പ്രശ്നങ്ങളെ പ്രത്യേകം പരിഗണിക്കേണ്ടിയിരിക്കുന്നു.

3. എത്ര സീപ്ലെയിൻ സർവീസുകൾ തുടങ്ങിയാലും ആദ്യം ഉപയോഗിച്ച 1 കി.മീ. അല്ലെങ്കിൽ 1.5 കി.മീ. കായൽ പരപ്പിൽ മാത്രമേ മൽസ്യബന്ധനം പറ്റാതെ വരുകയുള്ളുവെങ്കിൽ ഉപജീവന മാർഗത്തിനു തുരങ്കം വെച്ചുവെന്ന തോന്നൽ മൽസ്യത്തൊഴിലാളികളിൽ ഉണ്ടാവില്ല. ഇവിടെയും  സുരക്ഷാ പ്രശ്നങ്ങളെ പ്രത്യേകം പരിഗണിക്കേണ്ടിയിരിക്കുന്നു.

4. സീപ്ലെയിനുമായി നേരിട്ട് ബന്ധപ്പെടുത്താൻ പറ്റാത്ത ടൂറിസത്തിൻറെ പ്രശ്നങ്ങൾ സീപ്ലെയിൻ പറന്നില്ലെങ്കിലും സംഭവിക്കില്ലേ?. അവയെ ഭലപ്രദമായി ഉപരോധിക്കാനുള്ള വഴികൾ കണ്ടെത്തുകയാണ് വേണ്ടത്.
SeaplaneKerala

വികസന സാധ്യതകൾ
ആലപ്പുഴയിൽ എടുത്തു പറയാനുണ്ടായിരുന്നത് കയർ വ്യവസായമായിരുന്നു. എന്നാൽ ഇന്ന് അതിൻറെ ശോഭ മങ്ങിയ നിലയിലാണ്. ഇപ്പോൾ വൻകിട വ്യവസായങ്ങളില്ല, കുട്ടനാട് പ്രദേശത്തെ മാറ്റിനിറുത്തിയാൽ നല്ല കൃഷിയിടങ്ങളില്ല, യാത്രാ സൗകര്യത്തിനു വിമാനത്താവളങ്ങളില്ല, തുറമുഖങ്ങളില്ല അങ്ങനെ പലതുമില്ല. പിന്നെ ആലപ്പുഴയ്ക്ക് എന്തുണ്ട് സ്വന്തമെന്നു പറയാൻ?

ആലപ്പുഴയ്ക്ക് സ്വന്തമായി ആരും നോക്കിനിന്നുപോകുന്ന പ്രകൃതി രമണീയമായ കായൽപ്പരപ്പുകളുണ്ട്, നല്ലയൊരു സമുദ്ര തീരമുണ്ട് (ബീച്ച്). അവയെ ആലപ്പുഴയുടെ സാമ്പത്തിക വളർച്ചയ്ക്ക് ഫലപ്രദമായി ഉപയോഗപ്പെടുത്താനുള്ള ഏക മാർഗം ടൂറിസമാണ്. ചുരുക്കത്തിൽ ടൂറിസം കൊണ്ട് പച്ചപിടിക്കേണ്ട ഒരു നഗരമാണ് ആലപ്പുഴ.

വ്യവസായങ്ങൾ സാമ്പത്തികവും, വികസനപരവുമായ വളർച്ചയുടെ അടിസ്ഥാന ശിലകളാണ്. പാരിസ്ഥിതിക പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടുകൊണ്ടു വ്യവസായങ്ങൾ ആലപ്പുഴയിൽ ആരംഭിക്കുകതന്നെ വേണം.

അവബോധമുണ്ടാക്കണം
തങ്ങൾക്കു അറിയാത്തതായ എന്തിനെയും, അതിനെക്കുറിച്ചു പഠിക്കാൻ പോലും മിനക്കെടാതെ പുച്ഛിച്ചു തള്ളുന്നത് വളരെ അപകടകരവും അനാരോഗ്യപരവുമായൊരു മനോഭാവമാണ്. അജ്ഞത തെറ്റല്ല, എന്നാൽ തനിക്കറിവില്ലാത്തയൊന്നിനെ തള്ളിപ്പറയുകയെന്നതു ശരിയല്ല. അതുപോലെ അധികാരികൾ ഒരു പദ്ധതി തുടങ്ങുമ്പോൾ അതേക്കുറിച്ച് അജ്ഞരായ തദ്ദേശവാസികൾക്ക് അവബോധം നൽകാതിരിക്കുന്നതും ഒരു അനാസ്ഥയാണ്. വികസനമുണ്ടായാലേ പുരോഗതിയുണ്ടാകൂ എന്നതു എല്ലാ മനുഷ്യരും മനസ്സിലാക്കിയിരിക്കേണ്ട ഒരു വസ്തുതയാണ്.

ഒരു പ്രദേശത്തു എന്തെകിലുമൊരു പദ്ധതി വരുമ്പോൾ അതുകൊണ്ട് തങ്ങൾക്കെന്താണ് നേട്ടമെന്നു തദ്ദേശവാസികൾ ചിന്തിക്കുക സ്വാഭാവികം. സീപ്ലെയിൻ ടൂറിസം കൊണ്ട് തങ്ങൾക്കു എന്താണ് നേട്ടമെന്ന് സാധാരണക്കാരായ ജനങ്ങൾ (ഉദാ: മൽസ്യത്തൊഴിലാളി) ചിന്തിക്കുകതന്നെ ചെയ്യും. Rs 3000/- മോ, Rs 8000/- മോ ഒരു മണിക്കൂർ നേരത്തെ ആകാശ സഞ്ചാരം നടത്താനായി ചിലവഴിക്കുന്നത് ചിന്തിക്കാൻ പോലും പറ്റാത്ത അവൻറെ ചിന്താമണ്ടലത്തിൽ തങ്ങൾക്കു സഹനം വിധിച്ചുകൊണ്ട് ഒരുപറ്റം ആൾക്കാരെ സന്തോഷിപ്പിക്കുകയാണ് ഈ പദ്ധതിയെന്നു തോന്നിയാൽ അതിനെ കുറ്റം പറയാൻ പറ്റില്ല. അപ്പോൾ ചെയ്യേണ്ടത് ഈ പദ്ധതികൊണ്ട് അവനുണ്ടാകുന്ന നേട്ടങ്ങൾ അവനെ പഠിപ്പിക്കുകയെന്നതാണ്.

ഉദാഹരണത്തിന് ടൂറിസം വളർന്നു വരുമ്പോൾ ഇപ്പോൾ മത്സ്യബന്ധനം നടത്തി അതിൻറെ വിൽപ്പനയ്ക്കുള്ള വഴി കണ്ടത്താൻ പാടുപെടുന്ന മത്സ്യത്തൊഴിലാളികൾക്ക് തങ്ങളുടെ ഉൽപ്പന്നം എളുപ്പത്തിലും ന്യായമായ വിലയ്ക്കും വിൽക്കാൻ സാധ്യമായൊരു വഴി തുറന്നുകിട്ടുകയാണ് ചെയ്യുക. സാധാരണക്കാരായ തദ്ദേശവാസികൾ ഓരോ ഹോട്ടലുകൾ തുടങ്ങിയാൽ അതിൽനിന്നും ഉണ്ടാകുന്ന വരുമാനം അവർക്ക് ടൂറിസത്തിൻറെ അനുഗ്രഹമായിമാറും. അവർക്ക് ഇതിനെക്കുറിച്ചു ബോധവൽക്കരണം നടത്തണം. പഠിപ്പിച്ചാൽ മാത്രം പോര അത് ഉറപ്പുവരുത്തുക കൂടി വേണം. സാധാരണക്കാരുടെ ഹോട്ടലുകളെപ്പറ്റി പഠിപ്പിച്ചിട്ടു താജ് ഗ്രൂപ്പിനും, കാസിനോ ഗ്രൂപ്പിനുമൊക്കെ അനുവാദം കൊടുത്താൽ പുന്നമടക്കായൽ ഇവറ്റകളാൽ  അപ്പാടെ വിഴുങ്ങപ്പെടുമെന്ന ആശങ്ക സത്യം പറഞ്ഞാൽ ഈയുള്ളവനുമുണ്ട്.

കേരളത്തിലെ മറ്റു ജില്ലകളെ അപേക്ഷിച്ച് സാംസ്കാരികമായി വളരെ ഉന്നതിയിൽ നില്ക്കുന്ന ആലപ്പുഴയ്ക്ക് ഇനി ആവശ്യം സാമ്പത്തിക പുരോഗതിയും വ്യാവസായിക വളർച്ചയുമാണ്‌. ജില്ലയുടെ വിദ്യാഭ്യാസ വളർച്ച വളരെ വലുതാണ്‌. ആലപ്പുഴയിൽ എവിടെ നോക്കിയാലും സാങ്കേതിക വിദ്യാഭ്യാസം സിദ്ധിച്ച അഭ്യസ്ഥവിദ്യരുടെ വലിയൊരു സമൂഹത്തെ ദർശിക്കാനാകും. എന്നാൽ അതിൽ നല്ലയൊരു ശതമാനത്തിനും ആലപ്പുഴയിൽ ജീവിച്ചു ജോലിചെയ്യാനുള്ള ഭാഗ്യമില്ല. അല്ലെങ്കിൽ വിദ്യാഭ്യാസം ലഭിച്ച ആലപ്പുഴയുടെ മക്കൾക്ക്‌ ജീവിതത്തിനു വഴികാട്ടാൻ ഇന്നത്തെ അവസ്ഥയിൽ അവൾക്കു സാധിക്കുന്നില്ല. ഇതു മാറണമെങ്കിൽ ആലപ്പുഴയിൽ ഇന്നും നിലനിൽക്കുന്ന യാഥാസ്ഥിതിക മനോഭാവം മാറണമെന്നു എടുത്തു പറയേണ്ടിയിരിക്കുന്നു. മനസ്സ് വെച്ചാൽ ഇന്നനുഭവിക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കപ്പെടാവുന്നതാണ് (വേണമെങ്കിൽ ചക്ക വേരിലും കായ്ക്കും എന്ന പഴമൊഴി ഇവിടെ വളരെ അന്വർത്ഥമാണ്). വൻകിട വ്യവസായം പാരിസ്ഥിതിക പ്രശ്നങ്ങൾക്ക് കാരണമാകും എന്നത് ശരിതന്നെ. എന്നാൽ മേൽ പറഞ്ഞതുപോലെ വ്യവസായങ്ങൾ സാമ്പത്തികവും, വികസനപരവുമായ വളർച്ചയുടെ അടിസ്ഥാന ശിലകളാണ്. അടിസ്ഥാനം നാട്ടാതെ എങ്ങനെ മേൽപ്പറഞ്ഞ നേട്ടങ്ങളുടെ സൗധങ്ങൾ കേട്ടിപ്പോക്കാനാകും?  അങ്ങനെ ചിന്തിച്ചാൽ പാരിസ്ഥിതിക പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടുകൊണ്ടു വ്യവസായങ്ങൾ ആരംഭിക്കുകതന്നെ വേണമെന്ന നിലപാട് എടുക്കേണ്ടി വരും.

പ്രതികരണങ്ങൾ ആരോഗ്യപരമാവണം
കേരളത്തിൽ ഒരു വ്യവസായം തുടങ്ങുന്നതിനു ഒരുപാട് കടമ്പകളുണ്ട്. ഇവയെല്ലാം കടന്നു ഒരു സംരംഭകൻ നല്ലയൊരു വ്യവസായ സൗധം പണിതുയർത്തിയാൽ, അതിൻറെ ഭിത്തികൾ കൂടത്തിനു അടിച്ചു തകർക്കുന്നതും ശരിയല്ലല്ലോ. തൻറെ  ഉന്നമനം കൂടി ലക്ഷ്യം വെച്ചുതന്നെയാണ് ഒരാൾ ഒരു സംരംഭകനാകുന്നതു. അദ്ദേഹത്തിനു ഉന്നതിയുണ്ടാകുന്നത് വഴി അദ്ദേഹത്തിൻറെ കീഴിൽ ജോലി ചെയ്യുന്ന അനേകർക്ക്‌ ആ നേട്ടത്തിൻറെ ഓഹരികൾ എത്തിച്ചുകൊടുക്കാൻ അദ്ദേഹത്തിനു കഴിയും. അദ്ദേഹം മനുഷ്യനായതു കൊണ്ട് തെറ്റുകൾ സംഭവിക്കാം. അതിനെതിരെ പ്രതികരിക്കരുത് എന്ന് പറയുന്നില്ല. ജോലിക്കാർക്ക് സംരക്ഷണം കിട്ടാനായി കമ്പനീസ് ആക്റ്റ് നിലവിലുണ്ട്, അതും ഫലപ്രദമല്ലാത്ത ഖട്ടത്തിൽ സംഘടനാപരമായ ഇടപെടലുകൾ ഉണ്ടാവുന്നത് കൊള്ളാം. അങ്ങനെയല്ലാതെ എന്തിനും ഏതിനും നിയമം കൈയ്യിലെടുത്തുകൊണ്ടുള്ള കലുഷിതമായ നീക്കങ്ങളും മറ്റും സംരംഭകരെ അതിൽനിന്നും പിന്തിരിപ്പിക്കുമെന്ന് നാം മനസ്സിലാക്കിയിരിക്കണം. ഒരാൾക്കെതിരായി എന്ത് ചെയ്യാൻ തുടങ്ങുന്നതിനു മുൻപും, മനസ്സുകൊണ്ടെങ്കിലും അയാളുടെ പാദരക്ഷകൾ അണിഞ്ഞു അയാൾ സഞ്ചരിച്ച വഴികളിലൂടെ ഒരു പ്രയാണം നടത്തുന്നത് നല്ലതായിരിക്കും. ഒരു സംരംഭകൻ ഒരുപാട് ദുർഘട പാതകൾ പിന്നിട്ടായിരിക്കും ഇന്നത്തെ നിലയിലെത്തിയത്. അയാളുടെ നേട്ടങ്ങൾക്ക്‌ ചുക്കാൻ പിടിച്ചത്‌ അയാളുടെ കീഴിൽ ജോലിയെടുക്കുന്നവരായിരിക്കും. അപ്പോൾ വ്യവസായം എന്നത് ഒരു പരസ്പര സഹകരണത്തിലൂടെ മുന്നോട്ടു പോകേണ്ടുന്ന ഒന്നാണ്. പിന്നെയൊരു കാര്യം ആ വ്യവസായം ഉണ്ടാകുവാനായി മുതൽമുടക്ക് കണ്ടെത്തിയവന് എന്തായാലും ഒരു മുൻപന്തി എവിടെയും ഉണ്ടാകുമല്ലോ, അതു ഇവിടെയും ഉണ്ടാകും. ഉണ്ടാകണ്ടേ…?.

അതുപോലെ, രാഷ്ട്രീയ പാർട്ടികൾ അവരവരുടെ ലക്ഷ്യങ്ങളെ മുൻനിർത്തി തമ്മിൽ പോരടിച്ചു തീർക്കാനുള്ളതാവരുത്‌ രാഷ്ട്രത്തിൻറെ പുരോഗതിക്കുള്ള പദ്ധതികൾ. ഇന്നുകാണുന്ന ഏറ്റവും വലിയ ശാപം അതാണ്‌. രാഷ്ട്രീയ പാർട്ടികൾ ഭരണത്തിൽ മാറി മാറി വന്നുകൊണ്ടിരിക്കും. ഒരു പാർട്ടിക്കാർ തുടങ്ങിവെച്ചതിനെ തുരങ്കം വെക്കലായിരിക്കും അധികാരമാറ്റമുണ്ടാവുമ്പൊൾ അടുത്ത പാർട്ടിക്കാരുടെ മുഖ്യമായ അജണ്ട. ഇതിനു ഒരു പരിഹാരം കാണേണ്ടതുണ്ട്. ഏതു പാർട്ടിയായാലും തുടങ്ങിവെച്ചതിനെ ഫലപ്രാപ്തിയിലെത്തിക്കുകയെന്നത് ഇന്ന് അധികാരം കയ്യാളുന്ന അധികാരികളുടെ ചുമതലയാവണം. അങ്ങിനെ വരുമ്പോൾ ആർക്കും നശീകരണ മനസ്ഥിതി വെച്ചുപുലർത്താൻ സാധിക്കുകയില്ല.

ടൂറിസം… ആലപ്പുഴയുടെ പ്രശ്നങ്ങൾ, പ്രതിവിധികൾ
ആലപ്പുഴയിൽ മുഖ്യമായുള്ള കായൽ ടൂറിസം ആദ്യ നാളുകളിൽ അധികാരികളുടെ നേരിട്ടുള്ള ഇടപെടലുകൾ ഇല്ലാതെയാണ് തുടങ്ങിയത്. ആ സമയത്ത് അതിൻറെ നന്മതിന്മകൾ ആർക്കും അറിയില്ലായിരുന്നു. സ്വകാര്യ വ്യക്തികൾ ലാഭേച്ഛ മാത്രം കണ്ടുകൊണ്ടു തങ്ങളുടെ ഇഷ്ട്ടത്തിനു അതിനെ വിനിയോഗിച്ചപ്പോൾ ഇന്ന് കാണുന്ന മാലിന്യ പ്രശ്നങ്ങൾ ഉണ്ടായി. തങ്ങൾക്കു വളരെ ലാഭമുണ്ടാക്കുന്ന ഹൗസ്ബോട്ട് ബിസ്സിനസ്സ് നടത്തുന്നതോടൊപ്പം പരിസ്ഥിതിയുടെ സംരക്ഷണം കൂടി ഉറപ്പുവരുത്താൻ അധികാരികൾ നിർബന്ധിച്ചാൽ മാലിന്യ നിർമാർജനത്തിനുള്ള മാർഗങ്ങൾ സംരംഭകർ തന്നെ കൊണ്ടുവരും. അതല്ലെങ്കിൽ സർക്കാരിനു ഇത്രയും വരുമാനം നൽകുന്നയൊരു പദ്ധതി നിലനിർത്താൻ സർക്കാരിൻറെ ഭാഗത്തുനിന്നും ഒരു മാലിന്യ നിർമാർജന പ്ലാൻറു തുടങ്ങുകയെ വേണ്ടൂ. അതോടെ ആലപ്പുഴ ഇന്ന് അഭിമുഖീകരിക്കുന്ന മാലിന്യ പ്രശ്നങ്ങൾക്കുള്ള ശാശ്വത പരിഹാരമാകും.
Alleppey Houseboats

വികസന പരീക്ഷണങ്ങൾ
ചില പദ്ധതികളിൽ വലിയ ഗ്രാഹ്യമില്ലാത്ത ഘട്ടത്തിൽ അതിനെ കുറച്ചു കാലത്തേക്ക് പരീക്ഷണാടിസ്ഥാനത്തിൽ നടത്തിയിട്ടു വരുംവരായ്കകൾ നിരീക്ഷിച്ചു പഠിച്ചു ആ അനുഭവത്തിൻറെ അടിസ്ഥാനത്തിൽ തീരുമാനം കൈക്കൊള്ളാൻ സാധിക്കും. സീപ്ലെയിൻ പദ്ധതിയുടെ കാര്യത്തിൽ അധികാരികളുടെ ഭാഗത്തുനിന്നുമുള്ള മനോഭാവം അതല്ലായിരുന്നൊ? അതിനെ കണ്ണും പൂട്ടി എതിർക്കുന്ന നമ്മളും അതിൻറെ വരുംവരായ്കകൾ മനസ്സിലാക്കിയിട്ടു അനുകൂലിക്കുകയോ, എതിർക്കുകയോ ചെയ്യുക എന്നതല്ലേ വിവേകത്തോടെ ചെയ്യേണ്ടത്? സമീപ ഭാവിയിലെങ്ങും ഒരു വിമാനത്താവളം വരാൻ സാധ്യതയില്ലാത്ത ആലപ്പുഴയിൽ ഒരു സീപ്ലെയിനെങ്കിലും പറന്നു നടന്നേനെയെന്നു ഒരു രാഷ്ട്രീയ പാർട്ടിയുടെയും വക്താവല്ലാതെ ആലപ്പുഴയെ സ്നേഹിക്കുന്ന ഒരു വ്യക്തിയെന്ന നിലയിൽ അൽപ്പം വിഷമത്തോടെ പറയാൻ ഞാൻ ആഗ്രഹിക്കുന്നു.

ആലപ്പുഴക്കാരൻറെ ഗദ്ഗദം
ചേർത്തലയിൽ വരാനിരുന്ന റെയിൽവേ വാഗണ്‍ ഫാക്ടറി ആലപ്പുഴയ്ക്ക് ഏതാണ്ട് നഷ്ടപ്പെട്ടു, അമ്പലപ്പുഴയിൽ ഏകദേശം പണി തുടങ്ങിയ ഐ. റ്റി. പാർക്കും, വാട്ടർത്തീം പാർക്കും നഷ്ടപ്പെട്ടു. ആലപ്പുഴയുടെ സഞ്ചാര പ്രശ്നങ്ങൾക്ക് പരിഹാരം എന്ന് പറഞ്ഞു തുടങ്ങിയ ബൈപ്പാസ്സിൻറെ അവശിഷ്ടങ്ങളെ കാണുമ്പോൾ തൊഴുതിട്ടേ പോകാറുള്ളൂ, കാരണം പുള്ളിക്ക് എന്നെക്കാളും പ്രായമുണ്ട്. വലിയകുളത്ത് പണിയാനിരുന്ന സ്വകാര്യ ബസ്സ്സ്റ്റാൻറ് കാടുകയറി കിടന്നത് പിള്ളേർ വെട്ടിത്തെളിച്ചു അവരുടെ ക്രിക്കെറ്റ് ഗ്രൗണ്ട് ആക്കിക്കഴിഞ്ഞിട്ടു വർഷങ്ങളായി. ആലപ്പുഴയിലെ പഴയ കടൽപ്പാലത്തെയും അതിൻറെ ഇന്നുള്ള രൂപത്തെയും തമ്മിൽ താരതമ്യപ്പെടുത്തിയാൽ ഒരു ആരോഗ്യവാനായ മനുഷ്യനെയും അവൻറെ അസ്ഥിപഞ്ജരത്തെയും നോക്കുന്നതു പോലുള്ള അന്തരമുണ്ട്. കടൽപ്പാലത്തോട് ചേർന്നുള്ള പഴയ ഒഴിയാതെ കിടന്നിരുന്ന ഗോഡൗണുകൾ നിലംപരിശായിക്കഴിഞ്ഞു. ഇത്രയൊക്കെ നഷ്ടപ്പെടുത്തിയാൽ പോരേ?… ഇനിയെന്തെകിലും നന്മയുണ്ടായാൽ അതിനു നേരെയും പുറംതിരിഞ്ഞു നിൽക്കുന്നത് ശരിയല്ല എന്നതാണ് ആലപ്പുഴക്കാരനായ എൻറെ അഭിപ്രായം.
alappuzha_Pier_jpg_115363f 12TVKI-BYPASS_306587e

ഇനിയിപ്പോൾ സീപ്ലെയിൻ സർവീസും (സീപ്ലെയിൻ വെബ് സൈറ്റ്), പുതിയതായി തുടങ്ങുന്ന മറീന കം പാസ്സഞ്ചർ തുറമുഖ പദ്ധതിയുമൊക്കെ (റിപ്പോർട്ട്) ആലപ്പുഴയുടെ നഷ്ടപ്പെട്ട പഴയ പ്രതാപത്തിൻറെ മുഖച്ഛായ തിരിച്ചു കൊണ്ടുവരട്ടെയെന്നു ആശിക്കാം.

കുറിപ്പ്:- എനിക്ക് അറിയാവുന്ന വിവരങ്ങൾ വെച്ചുകൊണ്ടാണ്‌ ആലപ്പുഴയെ സ്നേഹിക്കുന്ന ആലപ്പുഴക്കാരനായ ഞാൻ ഈ ലേഖനം എഴുതിയത്. ആലപ്പുഴയിൽ സീപ്ലെയിൻ വരണമെന്നു തന്നെയാണ് എൻറെ ആഗ്രഹം. എതിർപ്പുള്ളവർക്കും അനുകൂലിക്കുന്നവർക്കും അവരവരുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്താം.

Advertisements
This entry was posted in ആനുകാലികം and tagged . Bookmark the permalink.

4 Responses to സീപ്ലെയിൻ ആലപ്പുഴയ്ക്ക് വേണമോ?

  • Jackson P V says:

   ആർട്ടിക്കിൾ വായിച്ചു, ഒരു കാര്യം ചോദിച്ചോട്ടെ സീപ്ലെയിൻ വേണമെന്നോ അതോ വേണ്ടെന്നോ? ചർച്ചയിൽ പറഞ്ഞിരിക്കുന്നപോലെ take-off അല്ലെങ്കിൽ landing നടക്കുന്ന സമയത്ത് അലാറം മുഴക്കുന്ന പദ്ധതിയാണെങ്കിൽ ആർക്കും ഒരിടത്തും തടസ്സം പോലും ഒണ്ടാവില്ല. തണ്ണീർമുക്കം ബണ്ട് അടച്ചിടുന്നത്‌ മൂലമുണ്ടാകുന്ന പ്രശ്നങ്ങൾ ആലപ്പുഴക്കാർ ഇടയ്ക്കിടെ അഭിമുഖീകരിക്കാറുള്ളതല്ലേ. എപ്പോഴും ചെയ്യുന്നതുപോലെ സംഘടിച്ചാൽ ആ പ്രശ്നം തീർന്നുകൊള്ളും. എന്‍റെ അറിവില്ലായ്മ ആണെങ്കിൽ ക്ഷമിക്കണം കക്കാ കൂടുതലായും പാറക്കെട്ടുള്ളയിടത്താണ് ഉണ്ടാവുകയെന്നാണ് കേട്ടിട്ടുള്ളത്. അങ്ങിനെയുള്ളിടത്ത് സീപ്ലെയിൻ സർവീസ് നടത്താൻ സാധിക്കുമോ എന്തോ? പിന്നെ, കൂടുതൽ അധിനിവേശം തടയാൻ ജനങ്ങൾക്കൊപ്പം അധികാരികൾ (ഉദാ: പ്രതിപക്ഷം) സാധിക്കില്ലേ? അപ്പോൾ സീപ്ലെയിനിൻ സർവീസ് അമിതമാകാതെ നടത്തുന്നതിൽ തെറ്റില്ലയെന്നുതന്നെയാണ് എൻറെ അഭിപ്രായം.

 1. Babu Hillary says:

  I have read the report/statement made by you. Thank you very much.I think you have cleverly left the interests of all our political parties except one who execute the project. Whether the natives have problem or not these people will create a need and will do whatever they can to spoil the soup. We need to accept the drawbacks/difficulties (especially in the initial stage) if we need to grow. If someone ask me about a new development, I will say yes to that thinking it is good for ALLEPPEY. And I wish Alleppey should grow much high positions among other Districts in Kerala.

  • Jackson P V says:

   Thank you very much for your feedback. Yes, I know that there are corruptions at the side of project execution parties (none is exempted). But if we think in that way we may not even execute a single project. My point coincides with you. i.e. we need to accept the drawbacks/difficulties (especially in the initial stage) if we need to grow.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s