എവരി ആക്ഷൻ ഹാസ്‌ ആൻ ഈക്വൽ ആൻഡ് ഓപ്പോസിറ്റ് റിയാക്ഷൻ


സാദാരണ ജോലികഴിഞ്ഞ് വെള്ളിയാഴ്ച വൈകുന്നേരങ്ങളിൽ തിരുവനന്തപുരത്തു നിന്നും തിരിച്ചു ബസ്സ്‌ കയറുന്ന ഞാൻ ഇപ്പ്രാവശ്യം ശനിയാഴ്ചയാണ് നാട്ടിലേക്ക് പുറപ്പെട്ടത്‌. വെള്ളിയാഴ്ച വൈകുന്നേരം ഒരു ബിയർ അകത്താക്കിയിട്ട് ആഘോഷമായിട്ടാണ് കിടന്നുറങ്ങിയത്. അതുകൊണ്ടാവണം എഴുന്നേറ്റപ്പോൾ 9:00 മണിയായി. പിന്നെ ഒന്നും ചെയ്യാനില്ല, പെട്ടെന്ന് ഒരു കുളി പാസ്സാക്കി, കണ്ണിൽ കണ്ട ഒരു ഡ്രസ്സ്‌ എടുത്തു ധരിച്ചു, ബാക്കിയെല്ലാം കൂടി ബാഗിനുള്ളിലാക്കി നേരെ കഴക്കൂട്ടം ബസ് സ്റ്റോപ്പിലെത്തി. കുറച്ചു നേരം നിന്നപ്പോൾ അതാ വരുന്നു കരുനാഗപ്പള്ളിക്കു പോകുന്ന ഒരു വണ്ടി. കൊല്ലത്ത് ചെന്നിട്ടു മാറിക്കയറാം എന്ന് കരുതി അതിൽ കയറി, കാരണം കൊല്ലത്ത് ഭക്ഷണം കഴിക്കാനായി മിക്ക വണ്ടികളും നിർത്തിയിടും. ഈ വണ്ടി അവിടെ ചെല്ലുമ്പോൾ അതിൽ ഏതെങ്കിലും ഒരെണ്ണത്തിൽ കയറാനാകും.

കഴക്കൂട്ടത്ത് നിന്നും വണ്ടിയിൽ കയറി, ഇനി സീറ്റ് ഉണ്ടോയെന്ന അന്വേഷണം നടത്തണം. മുന്നിലെ വാതിലിൽ നിന്നും പിന്നോട്ടുള്ള രണ്ടാമത്തെ രണ്ടുപേർക്ക് ഇരിക്കാവുന്ന സീറ്റിൽ ഒരു സ്ത്രീയും, ഒരു പുരുഷനും ഇരിപ്പുണ്ടായിരുന്നു. എൻറെ ഭാഗ്യത്തിന് ആ സ്ത്രീ കഴക്കൂട്ടത്ത് ഇറങ്ങാനുള്ളതായിരുന്നു, എനിക്ക് സീറ്റു നൽകിയിട്ട് അവർ ഇറങ്ങിപ്പോയി. ഹാവൂ ആശ്വാസമായി, ഞാൻ ബസ്സിനുള്ളിലുള്ള എല്ലാവരെയും ഒന്ന് ശ്രദ്ധിച്ചു. ബസ്സിൽ അത്യാവശ്യം തിരക്കുണ്ടായിരുന്നു, സീറ്റുകളിലെല്ലാം ആളുകളുണ്ട്. മുന്നിൽ കുറച്ചു സ്ത്രീകൾ നിൽക്കുന്നുണ്ട്, ആ കൂട്ടത്തിൽ നാൽപ്പതു വയസ്സിനടുത്ത ഒരു മാർവാഡി സ്ത്രീയും അവരുടെ മകളും ഉണ്ടായിരുന്നു. ബസ്സിൽ കയറിയാൽ സ്ഥിരം ചെയ്യാറുള്ളതുപോലെ ഞാൻ പയ്യെ സീറ്റിലേക്ക് ചാഞ്ഞു.

ഒരഞ്ചു മിനിട്ട് കഴിഞ്ഞുകാണും എൻറെ തോളിൽ ആരോ തട്ടുന്നത് പോലെ തോന്നി. ഞാൻ കണ്ണു തുറന്നു നോക്കിയപ്പോൾ ആ മാർവാഡി സ്ത്രീയാണ് എന്നെ തട്ടിയുണർത്തിയതു. പുറത്തേക്ക് നോക്കിയപ്പോൾ കണിയാപുരം ബസ്സ്‌ സ്റ്റാൻറിൽ വണ്ടി നിർത്തിയിരിക്കുന്നു, പുറകിലത്തെ സീറ്റിൽ നിന്നും ആരോ അവിടെ ഇറങ്ങിയിട്ടുമുണ്ട്, പക്ഷെ രണ്ടു സീറ്റ് അടുത്തായി കിട്ടിയിട്ടില്ല. ഞാൻ പുറകിലുള്ള സീറ്റിൽ പോയിരിക്കുമോ എന്നാണ് ആ സ്ത്രീ എന്നോട് ചോദിക്കുന്നത്. ബാക്കിയുള്ള സ്ത്രീകൾ ഒരു പരാതിയും കൂടാതെ മര്യാദയ്ക്കു നിൽക്കുന്ന സമയത്താണ് പുള്ളിക്കാരിയുടെ ഈ പരാക്രമം. എന്നെ ഉറക്കത്തിൽ നിന്നും വിളിച്ചുണർത്തിയതിൽ ആദ്യം എനിക്ക് വല്ലാത്ത ദേഷ്യം വന്നു. പിന്നെ ഒരു അമ്മയും മകളുമല്ലേയെന്നു കരുതിയും, ഒരു സ്ത്രീക്ക് സഹായം ചെയ്തു കൊടുത്തുവെന്ന ചാരിതാർത്ഥ്യം (മാങ്ങാത്തൊലി…) മനസ്സിൽ ഉണ്ടാകുമല്ലോയെന്ന ധാരണമൂലവും ഞാൻ സീറ്റുണ്ടോയെന്നു പുറകിലേക്ക് നോക്കി. എന്നാൽ, പുറകിലുള്ളവർ എന്നോട് അവിടെത്തന്നെയിരിക്കാൻ ആങ്ങ്യം കാണിക്കുന്നതാണ് കണ്ടത്. എന്നിരുന്നാലും ഞാൻ സീറ്റ് മാറിയിരുന്നു. അവർ എൻറെ കൂടെയിരുന്ന പുള്ളിക്കാരനോടും അതേപോലെ തന്നെ ആവശ്യപ്പെട്ടു. അപ്പോഴായിരുന്നു ക്ലൈമാക്സ്, പുള്ളിക്കാരൻ നിഷ്കരുണം “പറ്റില്ല”യെന്ന് മറുപടി പറഞ്ഞു. ആ സ്ത്രീയിലുണ്ടായ ചമ്മൽ വളരെ വലുതായിരുന്നു. തുറന്നു പറഞ്ഞാൽ എനിക്കും അതൽപ്പം സുഖിച്ചു. ഗത്യന്തരമില്ലാതെ അവർ മകളെ അവിടെയിരുത്തി സീറ്റിൻറെ കൈപ്പിടിയിൽ അവരും ഇരുന്നു.

ഞാൻ പോയിരുന്നത് ഒരു തടിയൻറെ കൂടെയായിരുന്നു, ഹമ്മോ!!! അൽപ്പസമയം കൊണ്ട് ഞാൻ ഞെരുങ്ങിപ്പോയി, എൻറെ ഉറക്കവും പോയി. അവിടെ നിന്നും എങ്ങനെയും രക്ഷപ്പെട്ടാൽ മതിയെന്ന് തോന്നിപ്പോയി. കുറച്ചു ദൂരം ഓടിയപ്പോൾ വണ്ടി പള്ളിപ്പുറം സി. ആർ. പി. എഫ്. ക്യാമ്പിനടുത്തെത്തി. ഡ്രൈവർ അവിടെ വണ്ടി നിർത്തി. ആ സ്ത്രീയും മകളും അവിടെയിറങ്ങിപ്പോയി. അപ്പോഴാണ്‌ എനിക്ക് ശെരിക്കും ദേഷ്യം വന്നത്. കണിയാപുരത്തു നിന്നും  സി. ആർ. പി. എഫ്. ക്യാമ്പ് വരെയുള്ള ദൂരം നിന്നുകൊണ്ട് യാത്ര ചെയ്യാൻ പറ്റാത്തതിൻറെ പേർക്കാണ് .കൊല്ലം വരെ യാത്ര ചെയ്യേണ്ട എന്നെ ഉറക്കത്തിൽ നിന്നും അവർ വിളിച്ചുണർത്തിയത്. സെൻസറിങ് ആവശ്യമുള്ളത് എന്തൊക്കെയോ മനസ്സിൽ പറഞ്ഞുകൊണ്ട് ഞാൻ എൻറെ പഴയ സീറ്റിൽ പോയിരുന്നു.

കൂടെയിരുന്ന കക്ഷി വളരെ പുച്ഛഭാവത്തിൽ എന്നോട് ചോദിച്ചു “കൈക്കുഞ്ഞുമായി വരുന്നൊരു സ്ത്രീക്ക് സ്വന്തം സീറ്റു കൊടുക്കുന്നതിൽ ഒരു നന്മയുണ്ട്, അവർ പറഞ്ഞയുടൻ എഴുന്നേറ്റു പോകാൻ തനിക്കു വേറെ പണിയില്ലാരുന്നോ?”. അദ്ദേഹത്തിൻറെ വാക്കുകളിൽ, ഈ സ്ത്രീകൾ അവരുടെ കാര്യമേ ചിന്തിക്കുന്നുള്ളൂ, മറ്റുള്ളവരുടെ ബുദ്ധിമുട്ടുകൾ അവർക്ക് അറിയേണ്ട കാര്യമേയില്ല. ഇരിപ്പിടം കിട്ടിയവനെ എഴുന്നേൽപ്പിച്ചു അവിടെ ഇരിക്കുകയെന്നത് ഈ സ്ത്രീകളുടെ ഒരു ഹോബിയാണ്. സ്ത്രീയെന്ന പരിഗണന അളവിൽക്കവിഞ്ഞു കിട്ടുമ്പോൾ അതിനെ ദുരുപയോഗം ചെയ്യാനുള്ള പ്രേരണ ഇക്കൂട്ടർക്ക് അധികമാണ്. കരുനാഗപ്പള്ളി വരെ പോകേണ്ട ഞാൻ പള്ളിപ്പുറം വരെ പോകേണ്ട അവർക്കുവേണ്ടി മാറിക്കൊടുക്കാൻ മനസ്സില്ലായിരുന്നു. ഒന്ന് ചിരിച്ചതല്ലാതെ എനിക്ക് ഒന്നും പറയാനില്ലായിരുന്നു. ഞാൻ ഒരു മഹാപരാധം ചെയ്ത ഒരുവൻറെ മാനസിക നിലയിലേക്ക് താണുപോയി. അദ്ദേഹം തുടർന്നു ഇക്കൂട്ടർക്ക് ബസ്സിൽ കയറിയാൽ ഒരു മിനിറ്റ് പോലും നിൽക്കാൻ പ്രയാസമാണ്, തങ്ങൾക്കു വേണ്ടി ബാക്കിയുള്ളവർ അഡ്ജസ്റ്റ് ചെയതോളണം എന്ന മാനസീകാവസ്ഥയാണ് അവർക്ക്. ഇങ്ങനെയുള്ളവർ കുറച്ചു നിന്നുതന്നെ യാത്ര ചെയ്യണം, അവർക്കു  വേണ്ടി ഒരിക്കലും അഡ്ജസ്റ്റ് ചെയ്യാൻ പോകരുത്. അദ്ദേഹം പിന്നെയും എന്തൊക്കെയോ പറഞ്ഞു, ഞാൻ എല്ലാം മൂളിക്കേട്ടു.

അദ്ദേഹത്തിൻറെ പ്രതികരണങ്ങൾ എന്നെ അൽപ്പം ചിന്തിപ്പിച്ചു. ഇയാൾ ഒരു ഷോവനിസ്റ്റ് ആയതുകൊണ്ടാണോ ഇങ്ങനെ സംസാരിക്കുന്നതെന്നു സംശയം മനസ്സിലുണ്ടായി. എന്നാൽ ഒരൽപം കഴിഞ്ഞപ്പോൾ അദ്ദേഹത്തെ ഭാര്യ ഫോണിൽ വിളിച്ചു. ഫോണിൽ തൻറെ ഭാര്യയോടു വളരെ സ്നേഹത്തോടും ശാസനയോടും കൂടെ എന്തൊക്കെയോ നിർദ്ദേശങ്ങൾ നൽകുന്നതായാണ് മനസ്സിലാക്കാൻ കഴിഞ്ഞത്. ഭാര്യയെ സ്നേഹിക്കുന്നവൻ ഒരിക്കലും ഒരു ഷോവനിസ്റ്റാവാൻ വഴിയില്ല.

പിന്നെയെന്തുകൊണ്ട് അദ്ദേഹം ആ മാർവാഡി സ്ത്രീയോട് ക്രൂരമായി പെരുമാറിയെന്നതു എന്നെ അതിശയിപ്പിക്കുന്നു. എനിക്ക് തോന്നിയത് “എവരി ആക്ഷൻ ഹാസ്‌ ആൻ ഈക്വൽ ആൻഡ് ഓപ്പോസിറ്റ് റിയാക്ഷൻ” (എന്നെ ഉറക്കത്തിൽനിന്നും കുത്തിപ്പോക്കിയതിനു അവർക്ക് അദ്ദേഹത്തിൻറെ കൈയ്യിൽനിന്നും കിട്ടി എന്ന് മാത്രമാണ്) :-). ഇനി കാരണം നിങ്ങൾ പറയുക.

Advertisements
This entry was posted in ഫലിത ബിന്ദുക്കൾ and tagged . Bookmark the permalink.

One Response to എവരി ആക്ഷൻ ഹാസ്‌ ആൻ ഈക്വൽ ആൻഡ് ഓപ്പോസിറ്റ് റിയാക്ഷൻ

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s