ബേക്കൽ കോട്ടയിൽ ഒരു ദിവസം

Bekal Fort Trip – A pleasure trip with room-mates
ഞങ്ങൾ ആറു സഹമുറിയന്മാർ (ഞാൻ, ഫിറോസ്, ദീപക്, മനോഷ്, ശിവജിത്ത്, ഷെമിൽ)  ചേർന്നു തിരുവനന്തപുരത്തെ കുളത്തൂരുള്ള ശ്രീഹരി എന്ന വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന കാലം, ഓരോരുത്തരുടെ വിവാഹം നടന്നുകൊണ്ടിരിക്കുന്ന സമയമായിരുന്നു. അങ്ങിനെയൊരിക്കൽ ദീപക്കിൻറെ വിവാഹമെത്തി. ഒരു ഞായറാഴ്ചയായിരുന്നു വിവാഹം. ഫിറോസും, മനോഷും, ഞാനും കല്യാണത്തിന് പോകാൻ തീരുമാനിച്ചു. ശിവജിത്ത് അന്ന് നാട്ടിലില്ലായിരുന്നതിനാലും, ഷെമിലിനു എന്തോ അസൗകര്യമായിരുന്നതിനാലും അവർക്ക് വരാനൊത്തില്ല.

ദീപക് കോഴിക്കോട്കാരൻ ആയതിനാൽ പുള്ളിയുടെ വിവാഹത്തിൽ പങ്കെടുക്കുകയെന്നത് ഞങ്ങൾ ഒരു ഉല്ലാസ യാത്രയാക്കാൻ തീരുമാനിച്ചു. ഞങ്ങളോടൊപ്പം വരാൻ ഞങ്ങളുടെ മറ്റൊരു സുഹൃത്തായ നിതിനും സന്നദ്ധത പ്രകടിപ്പിച്ചു. വെള്ളിയാഴ്ച തിരുവനന്തപുരത്ത് നിന്നും പുറപ്പെട്ടു ശനിയാഴ്ച മുഴുവൻ ചുറ്റിത്തിരിഞ്ഞു ഞായറാഴ്ച വിവാഹ ചടങ്ങിലും പങ്കെടുത്തു മടങ്ങുകയെന്നതായിരുന്നു ഞങ്ങളുടെ പ്ലാൻ. കാസർകോടുള്ള ബേക്കൽ കോട്ടയായിരുന്നു ഞങ്ങളുടെ ലക്‌ഷ്യം. ചരിത്ര പുസ്തകത്തിൽ ടിപ്പു സുൽത്താൻറെ കഥയോടൊപ്പം പഠിച്ച ബേക്കൽ കൊട്ട നേരിൽ കാണാൻ പോകണമെന്ന് വളരെ നാളായി ആഗ്രഹിച്ചിരുന്നു. “ബോംബെ” എന്ന സിനിമയിലെ “ഉയിരേ…ഉയിരേ…” എന്ന ഗാനചിത്രീകരണം നടന്ന പശ്ചാത്തലം ആരുടേയും മനം കവരുന്നതാണല്ലൊ. ഇപ്പോളിതാ അതു കാണാനുള്ള ഒരു സുവർണാവസരം വന്നിരിക്കുന്നു.
Bombay_ArvindSamy Bombay_ArvindSamy4Bombay_ArvindSamy3 Bombay_ArvindSamy2
തിരുവനന്തപുരത്ത് നിന്നും കാസർകോടേക്ക് തീവണ്ടിയിൽ യാത്ര ചെയ്യാൻ ഉറപ്പിച്ചു. യാത്രയ്ക്കായി മാവേലി ട്രെയിനിൽ ബുക്ക്‌ ചെയ്തു, കാസർകോട് റെയിൽവേ സ്റ്റേഷനിൽ എത്തിയിട്ട്  ഒരു മുറി എടുക്കാം എന്ന് തീരുമാനിച്ചു. അങ്ങിനെ ഒരു വെള്ളിയാഴ്ച വൈകിട്ട് 7 മണിയോടെ  തിരുവനന്തപുരം തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും ഞങ്ങൾ യാത്രയാരംഭിച്ചു. ശനിയാഴ്ച കാലത്ത് ഏകദേശം 8:30-9:00 മണിയോടെ കാസർകോട് റെയിൽവേ സ്റ്റേഷനിൽ എത്തിച്ചേർന്നു. ചെന്നയുടൻ ഞങ്ങൾ റെയിൽവേ സ്റ്റേഷനിൽത്തന്നെ ഒരു റൂമെടുത്തു എല്ലാവരും ഫ്രഷ്‌ ആയി. ഇനി ബ്രേക്ക്ഫാസ്റ്റ് കഴിക്കണം, ശേഷം ഫിറോസിൻറെ സുഹൃത്തു പറഞ്ഞതനുസരിച്ച് ബസ് സ്റ്റാൻടിലേക്ക് പോകണം, ബസ് സ്റ്റാൻഡിൽ നിന്നും ബേക്കൽ കോട്ടയിലേക്ക് പോകുന്ന ബസ് ചോദിച്ചു കയറണം, “ബേക്കൽ ഫോർട്ട്‌ റോഡ്‌” എന്ന ബോർടാണെന്നു  തോന്നുന്നു കാണുമ്പോൾ ഇറങ്ങണം. അവിടെ അദ്ദേഹം എത്തിയേക്കാം എന്നാണു പറഞ്ഞിരിക്കുന്നത്. എന്തായാലും ആദ്യം വിശപ്പ്‌ മാറ്റുക തന്നെ. ഞങ്ങൾ ബ്രേക്ക്ഫാസ്റ്റിനായി റെയിൽവേ സ്റ്റേഷനു മുന്നിൽ കണ്ട ഹോട്ടലിലേക്ക് കയറി.
DSC02216 DSC_7517
IMG_0081 DSC02229
ബ്രേക്ക്ഫാസ്റ്റിനു ശേഷം ഞങ്ങൾ റെയിൽവേ സ്റ്റേഷൻറെ മുന്നിൽ നിന്നും ഒരു ബസിൽ കയറി ബസ്‌സ്റ്റാൻഡിലേക്ക് പോയി. ബസ് സ്റ്റാൻഡിൽനിന്നും ബേക്കൽ കോട്ടയിലേക്ക് പോകുന്ന ബസ് ചോദിച്ചു കയറി.  ഞങ്ങൾ 4 പേരുംകൂടി ബേക്കൽ കോട്ട വഴി പോകുന്ന ബസിൽ കയറി കുറെയേറെ ദൂരം യാത്ര ചെയ്തു. തീരദേശത്തു കൂടെയുള്ള യാത്രയാണെങ്കിലും ഉള്ളത് പറഞ്ഞാൽ കാലത്തുണ്ടായിരുന്ന കുളിര് ശരീരത്തിനും മനസ്സിനും നഷ്ടപ്പെട്ടു. എന്തൊരു ചൂട്! കണ്ടക്ടർ ടിക്കെറ്റ് എടുപ്പിക്കാനായി ഞങ്ങളുടെ അടുത്തുകൂടെ പോകുമ്പോളൊക്കെ അദ്ദേഹത്തോട് ഇറങ്ങേണ്ടയിടമായോ എന്ന് ചോദിച്ചുകൊണ്ടിരുന്നു. അവസാനം ക്ഷമകെട്ട  അദ്ദേഹം ഇനി ചോദിക്കേണ്ട, ഇറങ്ങേണ്ടയിടം എത്തുമ്പോൾ പറഞ്ഞു തരാം എന്ന് പറഞ്ഞു. ഇടയ്ക്ക് ഫോർട്ട്‌ എന്നൊക്കെ ബോർഡ് കണ്ടു. എന്നാൽ അദ്ദേഹത്തിൻറെ ഭാഗത്ത് നിന്നും യാതൊരു പ്രതികരണവും കണ്ടില്ല, ചോദിക്കാനൊട്ടു പറ്റുന്നുമില്ല. എന്തായാലും ആ നല്ല മനുഷ്യനു ഞങ്ങളുടെ നിസ്സഹായ അവസ്ഥ മനസ്സിലായിട്ടെന്നപോലെ എത്തിയിട്ടില്ല എന്ന് പറഞ്ഞു. “ബേക്കൽ ഫോർട്ട്‌ റോഡ്‌” എന്നാണെന്ന് തോന്നുന്നു ഒരു ബോർഡ്‌ കണ്ടപ്പോൾ കണ്ടക്ടർ ഞങ്ങളോട് ഇറങ്ങാൻ പറഞ്ഞു. ചൂട് കടുത്തതായിരുന്നു. വെയിലിൻറെ ആഘാതമേറ്റ് ഞങ്ങൾ എല്ലാവരും തളർന്നിരുന്നു. ആ ജങ്ക്ഷനിൽ ഇലയെല്ലാം കൊഴിഞ്ഞ്, പ്രൗഡ വാർദ്ധക്യത്തെ ഓർമപ്പെടുത്തുന്ന ഒരു വലിയ മരം നിൽപ്പുണ്ടായിരുന്നു. മരത്തിനു താഴെ ഒരു പീടിക കട കണ്ടു. സത്യത്തിൽ ഞങ്ങളെല്ലാവരും അവിടേക്ക് എത്താനായി ഓടുകയാണുണ്ടായത്. സംഭാരമോ, സോടയോ, ഫാന്ടയോ, പെപ്സിയോ എന്തൊക്കെയാണ് വാങ്ങി കുടിച്ചതെന്നു ഓരോർമയുമില്ല, എന്തായാലും ശ്വാസം നേരെവീണു. അങ്ങിനെ നിൽക്കുമ്പോൾ ഫിറോസിൻറെ സുഹൃത്തായ അംജിത് തൻറെ ബൈക്കിൽ അവിടെയെത്തി. ഞങ്ങൾ എല്ലാവരും അദ്ദേഹത്തെ പരിചയപ്പെട്ടു. അദ്ദേഹത്തിൻറെ സ്വന്തം നാട് കൊല്ലമാണ്, കല്യാണം കഴിച്ചിരിക്കുന്നത് കാസർകോട് നിന്നുമാണ്. 3-4 വർഷങ്ങളായി ഒരു ആയുർവേദ ഡോക്ടറായിട്ട് അദ്ദേഹം അവിടെ സേവനമനുഷ്ഠിക്കുന്നു. അംജിത് പറഞ്ഞ ദിക്കിലേക്ക് ഞങ്ങൾ നടന്നു.
DSC_7531 IMG_0095
ബസ് പോകുന്ന റൂട്ടിൽ നിന്നും മാറി കിടക്കുന്ന റോഡിലൂടെ അൽപം നടന്ന് ഞങ്ങൾ കോട്ടയുടെ മുന്നിൽ എത്തിച്ചേർന്നു. മുന്നിലതാ ചരിത്ര പ്രസിദ്ധമായ ബേക്കൽ കോട്ട തല ഉയർത്തി നിൽക്കുന്നു. മുന്നിൽ നിന്നും നോക്കിയാൽ വലിയൊരു ഹൈന്തവ ക്ഷേത്രമാണ് എന്ന് തോന്നിക്കും. രാജവാഴ്ചയുടെ നഷ്ടപ്രതാപങ്ങളുടെ കഥകൾ ഉള്ളിലൊതുക്കി എല്ലാവരിൽ നിന്നും വേറിട്ട്‌ നിലകൊള്ളുന്നൊരു ഉഗ്ര പ്രതാപിയെപ്പോലെ കോട്ട നിൽക്കുന്നു.
കോട്ടയിലെത്തുന്നതിനു മുൻപ് ഒരു മുസ്ലിം പള്ളിയുണ്ട്, കോട്ടയോടു ചേർന്ന് ഒരു ഹനുമാൻറെ ക്ഷേത്രവുമുണ്ട്. തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയുമുണ്ടായിരുന്ന അന്നത്തെ കാലത്തും നാനാ ജാതിമതസ്ഥരെ ഒരുപോലെ ആദരിയ്ക്കാൻ മനസ്സുള്ള അധികാരികളുണ്ടായിരുന്നുവെന്ന് മനസ്സിലാക്കാം. അവർക്ക് ഒരു സല്യൂട്ട്. വിനോദ കേന്ദ്രമായി പ്രഖ്യാപിക്കപ്പെട്ടതിനു ശേഷം അകത്തേക്ക് കയറണമെങ്കിൽ പാസ് എടുക്കണമത്രേ. ശത്രുക്കളിൽ നിന്നും നേരിട്ട് ആക്രമണമേൽക്കാത്ത രീതിയിലായിരുന്നു പ്രധാന കവാടത്തിലെ സജ്ജീകരണം. പ്രധാന കവാടത്തിൽ നിന്നും ഇടത്തോട്ടു തിരിഞ്ഞു ഒരു ഇടനാഴിയിലൂടെ വേണം കോട്ടയ്ക്കുള്ളിൽ പ്രവേശിക്കാൻ. ആ ഇടനാഴിയിൽ തന്നെയാണു പാസ് കൌണ്ടർ ഉള്ളത്. അവിടെ നിന്നും 5 പാസുമെടുത്തു ഞങ്ങൾ കോട്ടയ്ക്കുള്ളിൽ പ്രവേശിച്ചു.
DSC_7534 DSC_7535
കോട്ടയ്ക്കുള്ളിലേക്ക് കടന്നു കഴിഞ്ഞപ്പോൾ അൽപമൊരു അമ്പരപ്പാണ് ആദ്യമുണ്ടായത്. തിരുവനന്തപുരത്തും മറ്റും കണ്ടിട്ടുള്ള കൊട്ടാരങ്ങളിൽ നിന്നും വ്യത്യസ്തമാണ് ബേക്കൽ കോട്ട. മേൽക്കൂരയോ, അകത്തളങ്ങളോ, സിംഹാസനമോ ഒന്നുമില്ലാത്ത കോട്ട യുദ്ധപരമായ ആവശ്യത്തിനു വേണ്ടി മാത്രമാണ് നിർമിച്ചിരിക്കുന്നത്. ശത്രുക്കളെ നിരീക്ഷിക്കാനായി നിരീക്ഷണ ടവറുകൾ, അവയിലേക്കു കയറുവാനായി വിശാലമായ പടവുകൾ, പീരങ്കികളുടെ ഉപയോഗത്തിന് ഉതകും വിധം ഭിത്തികളിൽ മനപൂർവ്വം വിട്ടിരിക്കുന്ന വിടവുകൾ, ടണലുകൾ, ആയുധപ്പുരകൾ, എല്ലാം കൂടി ഒരു സൈനികാസ്ഥാനതിനു വേണ്ടുന്ന എല്ലാ സജ്ജീകരണങ്ങളും കോട്ടയിലുണ്ട്.
IMG_0098 IMG_0116 - Copy
DSC_7560 IMG_0102
കോട്ടയ്ക്കു ചുറ്റുമുള്ള ഭിത്തിയോട് ചേർന്ന് അകത്തു തന്നെ നടപ്പാത കെട്ടിയിട്ടുണ്ട്. അവിടെ നിന്നും പുറത്തേക്ക് നോക്കുമ്പോൾ, മട്ടുപ്പാവിൽ നിന്നും പുറത്തേക്ക് നോക്കുന്ന പ്രതീതിയുളവായിരുന്നു. സൈനികർക്ക് ഉലാത്തിക്കൊണ്ട് പുറത്തുള്ള ശത്രുവിനെ നിരീക്ഷിക്കാൻ വേണ്ടിയാവണം ആ പാത കെട്ടിയുണ്ടാക്കിയത്. ചുരുക്കത്തിൽ, യുദ്ധമുറയിൽ ശ്രദ്ധപതിപ്പിച്ചിരുന്ന രാജാക്കന്മാരുടെ ബുദ്ധിപരമായ മുൻകരുതലുകൾക്ക് ഒരു മകുടോദ്ധാഹരണമാണ് ബേക്കൽ കോട്ട എന്ന് പറയാം.
IMG_0129 DSC_7570
കോട്ടയ്ക്കുള്ളില്ലെല്ലായിടവും ഉദ്യാനങ്ങളും പുൽത്തകിടികളും കൊണ്ട് അലങ്കൃതമാണ്. കോട്ടയുടെ ധാർഷ്ട്യഭാവത്തെ അതൽപ്പം കുറയ്ക്കുന്നുണ്ട്‌. ഇതിനിടയിൽ എനിക്കനുഭവപ്പെട്ട ഒരു കാര്യം പറഞ്ഞുകൊള്ളട്ടെ. എത്രയധികം ജനാവലി ആ കോട്ട കാണാനായി അകത്തുണ്ടെങ്കിലും മനോഹരമായ ആ കോട്ടക്കുള്ളിൽ എന്തോ ഒരു വിഷാദ ഭാവം, ഏതോ ഒരു മൌനനൊമ്പരത്തിൻറെ അലകൾ ഉള്ളതായി അനുഭവപ്പെട്ടു. തൻറെ നഷ്ട്ടപ്രതാപങ്ങളുടെ കണക്കുകളാകുന്ന ശരങ്ങളുടെ ആക്രമണമേറ്റ് വിവശനാകുന്ന ഉഗ്ര പ്രതാപിയായൊരു ചക്രവർത്തിയുടെ സഹനം പേറുന്ന വദനം ആ കോട്ടയ്ക്കുള്ളിൽ എവിടെയോ തെളിഞ്ഞും മറഞ്ഞും നിൽക്കുന്നതുപൊലെയൊരു തോന്നൽ.
DSC02271 IMG_0106
DSC02249 DSC02259
ഞങ്ങൾ ഉള്ളിലെല്ലാം നടന്നു കണ്ടുകൊണ്ടിരുന്നു. നട്ടുച്ച നേരമായി. സൂര്യൻ എന്തോ പക തീർക്കുന്നത് പോലെ ഒരാഴ്ച്ചത്തേക്കുള്ള ഇന്ധനമെല്ലാംകൂടി അന്നുതന്നെ കത്തിച്ചു തീർക്കുകയാണെന്നു തോന്നുന്നു, സൂര്യൻറെ പകനിറഞ്ഞ പ്രഹരമേറ്റ് ഞങ്ങൾ തളർന്നു. അപ്പോഴാണ്‌ ബീച്ചിലേക്ക് പോകുന്ന കാര്യം അംജിത് പറഞ്ഞത്. കൊട്ടഭിത്തിക്ക് ചേർന്നുള്ള നടപ്പാതയിലൂടെ നടന്നു ഞങ്ങൾ ഒരു കവാടത്തിൻറെ അരികിലെത്തി. ദൈവമുണ്ടെന്നു ഞങ്ങൾക്ക് തോന്നിയ നിമിഷം! കവാടത്തിൻറെ അടുത്തായി ദൈവദൂതയെ പോലെ ഒരു ചേച്ചിയിരുന്നു വെള്ളം വിൽക്കുന്നു. ഹോ! അപ്പോൾ തോന്നിയ ആശ്വാസം പറഞ്ഞറിയിക്കാവതല്ല. എന്നാൽ, കന്നിനെ കയം കാണിച്ചത് പോലെയായി അവരുടെ അവസ്ഥ. ഞങ്ങളുടെ ആർത്തി തീർന്നപ്പോൾ ചേച്ചിക്ക് വീണ്ടും വെള്ളത്തിൻറെ പുതിയ സ്റ്റോക്ക്‌ എടുക്കാൻ പോകേണ്ടി വന്നു. ദാഹം ശമിച്ചപ്പോൾ കാഴ്ചകൾ കാണാനുള്ള ഞങ്ങളുടെ കൌതുകം തിരിച്ചുവന്നു. ഞങ്ങൾ കവാടത്തിൻറെ അരികിലേക്ക് നീങ്ങി. കവാടത്തിനു മുന്നിലെത്തിയപ്പോൾ കടലിൽ നിന്നുമുള്ള കുളിർകാറ്റിൻറെ ഊഷ്മളത ഞങ്ങൾക്കനുഭവപ്പെട്ടു. കുറച്ചു നേരം ആ കുളിർകാറ്റിൻറെ സ്പർശനസുഖത്തിൽ ലയിച്ചു ഞങ്ങൾ ആ കവാടത്തിൽത്തന്നെ ഇരുന്നു.
DSC_7592 DSC_7630
കവാടത്തിൽ നിന്നും നോക്കിയാൽ താഴെ കടൽത്തീരം കാണാം. കോട്ടയിൽ നിന്നും കടൽത്തീരത്തേക്ക് കൽപടവുകൾ കെട്ടിയിരിക്കുന്നു. ദൂരെയായി ബോംബെ എന്ന ചിത്രത്തിൽ അരവിന്ദ് സാമി പ്രണയ തീക്ഷ്ണതയോടെ ഉയിരേ…ഉയിരേ… എന്ന് പാടി തൻറെ പ്രാണപ്രേയസിയെ വിളിച്ചു വരുത്തിയ രംഗമെടുത്ത കൽക്കെട്ടു കാണാം. ഞങ്ങൾ പതിയെ കൽപ്പടവുകളിറങ്ങി കടൽതീരത്തെത്തി.
DSC02260 DSC_7600
DSC_7631 DSC_7624
കടലിൻറെ മനസ്സിലും എന്തോ പോരാട്ട വീര്യമുള്ളത് പോലെ തോന്നി. തൻറെ കരയുടെ ഭാഗങ്ങൾ തട്ടിയെടുത്ത കോട്ടയോടുള്ള അമർഷം ഒരിക്കലും തീരാത്തത് പോലെ  സമുദ്രം പോരടിച്ചു കൊണ്ടേയിരിക്കുന്നു. എന്നാൽ കാരിരുമ്പിൻറെ കരുത്തുള്ള, അതിശക്ത്തനായ ചക്രവർത്തിയുടെ മുൻപിൽ അടവുകൾ പിഴച്ചു പോകുന്ന പാവം പോരാളിയെ പോലെ സമുദ്രത്തിൻറെ ഓരോ ശ്രമങ്ങളും പാഴായിപ്പോകുന്നു. എന്നിട്ടും തൻറെ ശ്രമം ഉപേക്ഷിക്കാൻ അത് കൂട്ടാക്കുന്നില്ല. കോട്ടയ്ക്കു മുന്നിൽ അടിയറവു പറയുന്ന കടലിനെ കണ്ടിട്ട് കൌതുകം തോന്നിയ ഞങ്ങളും കടലിനോടു കളിക്കാൻ ശ്രമിച്ചു. എന്നാൽ താൻ അത്ര ചെറുതല്ലെന്ന് അത് തെളിയിച്ചു തന്നു. അതിശക്തനായ കോട്ട എവിടെ നില്ക്കുന്നു നമ്മളെവിടെ നില്ക്കുന്നു.
DSC02265 IMG_0135
IMG_0159 IMG_0167
ഒടുവിൽ തിരിച്ചു പോകാൻ നേരമായി. ആ സ്മാരകത്തെ പൌരുഷത്തിൻറെയും, ധാർഷ്ട്യത്തിൻറെയും പ്രതീകമായി എന്നും നിലനിൽക്കത്തക്ക രീതിയിൽ മനസ്സിലേക്ക് വരച്ചു ചേർത്തുകൊണ്ട് ഞങ്ങൾ തിരിച്ചുള്ള യാത്രയാരംഭിച്ചു. തിരിച്ചു ബസ്സ്റ്റോപ്പ്‌ വരെ ഞങ്ങളെല്ലാവരും വാതോരാതെ സംസാരിച്ചത് പ്രൗഡഗംഭീരമായ കോട്ടയുടെയും, കോട്ടയുടെ നിർമാണത്തിൽ പങ്കെടുത്ത അനേകം മനുഷ്യരുടെയും, അവിടെ ജീവിച്ചു മരിച്ച ധീര പോരാളികളുടെയും, ധീരനായ ചക്രവർത്തി ടിപ്പു സുൽത്താൻറെയുമൊക്കെ കാര്യങ്ങളാണ്.
DSC02236 DSC02269
അംജിത്തിനോട് യാത്ര പറഞ്ഞുകൊണ്ട് ഞങ്ങൾ തിരിച്ചുള്ള ബസിൽ കയറി. അൽപ്പം കഴിഞ്ഞപ്പോൾ ചർച്ചയിൽ ഒരു വ്യതിയാനം അനുഭവപ്പെട്ടു. എല്ലാവരും വലിയ ദാർശനികന്മാരെപ്പോലെ രാജവാഴ്ചക്കാലത്തെയും ഇന്നത്തെയും, അവകാശാധികാരങ്ങളെപ്പറ്റി ഘോരം, ഘോരം സംസാരിച്ചു. മറ്റാർക്കെങ്കിലും എന്തെകിലും മനസ്സിലായിരുന്നുവെങ്കിൽ തെങ്ങിൻറെ മടല് വെട്ടി തല്ലിയേനെ.  ബേക്കൽ കോട്ടയിൽ നിന്നും കാസർകോഡ് ബസ് സ്റ്റാൻഡിൽ എത്തി. അവിടെനിന്നും ബസ് കയറി റെയിൽവേ സ്റ്റേഷനിൽ എത്തി. കാസർകോഡ് റെയിൽവേ സ്റ്റേഷനിൽ നിന്നും നേരെ കോഴിക്കോടേക്ക്, കോഴിക്കോടെത്തി ദീപക് എടുത്തിട്ടിരുന്ന ലോഡ്ജിൽ തങ്ങി. പിറ്റേദിവസം അതായത് ഞായറാഴ്ച, ദീപക്കിൻറെ കല്യാണവും കൂടിയിട്ടു അന്ന് വൈകിട്ട് തന്നെ കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും തിരിച്ചു തിരുവനന്തപുരത്തേക്ക് പുറപ്പെട്ടു.

ചരിത്ര സത്യമിതാണ്:
ഇനി ഒരൽപം ചരിത്രം പറയട്ടെ. ടിപ്പുവിൻറെ പേരിലാണ് അറിയപ്പെടുന്നതെങ്കിലും ബേക്കൽ കോട്ടയുടെ യഥാർത്ഥ നിർമാതാവ് കർണാടകയിലെ “കേളടി നായക” എന്ന രാജകീയ പരിധിയിൽപ്പെട്ട “ശിവപ്പ നായക” എന്ന ധീരനായ ഒരു രാജാവാണ്. കാസർകോട് അദ്ദേഹത്തിൻറെ അധികാര പരിധിയിലായ കാലത്താണ് അദ്ദേഹം കോട്ടയുടെ നിർമാണപ്രക്രിയ നടത്തിയത്.

Advertisements
This entry was posted in യാത്രാ വിവരണം and tagged . Bookmark the permalink.

24 Responses to ബേക്കൽ കോട്ടയിൽ ഒരു ദിവസം

 1. Fousia says:

  Nannayittundu….

 2. SUPERB EFFORT!!!Sir, You have placed the photos very well too……Oru Deshathinte Katha undayillenkilum oru Samsthanathinte Katha ezhuthan kelpulla thoolika thanne ithu 🙂

  • jacksonpv says:

   അഭിനന്ദനത്തിനു നന്ദി ജയാ, സംസ്ഥാനം വരെ പോലും എത്തുമോയെന്നറിയില്ല തൂലിക പിടിക്കുമ്പോൾ കൈ വിറക്കുന്നുണ്ട്‌. 🙂

 3. Dinil says:

  Good…… 🙂

 4. Very good . Bavi undu

 5. Renju says:

  Jack super. Liked below lines more
  തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയുമുണ്ടായിരുന്ന അന്നത്തെ കാലത്ത് നാനാ ജാതിമതസ്ഥരെ ഒരുപോലെ ആദരിച്ചിരുന്ന അധികാരവർഗതിനു ഒരു സല്യൂട്ട്

  • jacksonpv says:

   മച്ചാ നമിച്ചു… നിൻറെ പ്രൂഫ്‌റീടിംഗ് ഉഗ്രൻ. തിരുത്തിയെടാ…ഞാൻ തിരുത്തി

 6. Demis john says:

  nice attempt buddy.. you had maintained the balance in story telling.. valare sarasamayi avatharipichu.. good work!

 7. shrijesh says:

  നന്നായിരിക്കുന്നു ഇനിയും എഴുതണം ..
  യാത്ര വിവരണത്തിൽ മാത്രം ഒതുങ്ങരുത്

 8. kuriakose says:

  Superb ….

 9. jacksonpv says:

  @Fousia, @SoniThomas, @Dinil, @LloydChandran, @Demisjohn, @shrijesh, @kuriakose
  പ്രിയ സുഹൃത്തുക്കളെ, നിങ്ങളേവരുടെയും അഭിനന്ദനങ്ങൾക്ക് നന്ദി. ഇതിൽ നിന്നും പ്രേരണയുൾക്കൊണ്ടു ഞാൻ ഇനിയും നിങ്ങളെ സഹിപ്പിക്കും. ഒന്നും വിചാരിക്കരുത് പ്ലീസ്. 🙂

 10. arbaravind says:

  kollam jackychaaaaaaaaaa 🙂 🙂

 11. Jithin says:

  kidu.. aayittunduu.. ethu evide vachu nirthaandaa kettoo… eni kadhakalude oru pralayam thanne aayikkootee..hehe

 12. sarith says:

  superrrr!!!!!!!!! jakichaaaa……oru novelist ayi uyarnnu varatte ennu asamsikunnu

 13. Atm says:

  Kollam.. Photos vallom venamekil parnaja mathi 😛

  • jacksonpv says:

   വേണം വേണം, സ്റ്റാറുകളുടെ ആവശ്യമുണ്ട് എന്ന ഒരു ബോർഡ് ഇടാൻ പോകുകയായിരുന്നു :-).

 14. Nitheesh says:

  kollam 🙂

 15. jacksonpv says:

  @arbaravind, @Jithin, @sarith, @ArunTM, @Nitheesh
  പ്രിയ സുഹൃത്തുക്കളെ, നിങ്ങളേവരുടെയും അഭിനന്ദനങ്ങൾക്ക് വളരെ വളരെ നന്ദി.

 16. Deepak k V says:

  എന്റെ കല്യാണത്തിനു വന്നിട്ട് കറങ്ങാൻ പോയി അല്ലെ… എന്നാലും കുളിര് കാറ്റിന്റെ ഒരു ഊഷ്മളത ഹോ ഭയങ്കരം തന്നെ 🙂

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s